മോസ്കോ: മാസങ്ങൾ നീണ്ട വിലക്കിനൊടുവിൽ ടെന്നീസ് കോർട്ടിലെത്തി സ്വന്തമാക്കിയ മിന്നും വിജയം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് റഷ്യൻ ടെന്നീസ് സൂപ്പർതാരം മരിയ ഷറപ്പോവ. ആദ്യ മത്സരം ജയിച്ച പ്രതീതിയാണ് ഉണ്ടായത്. സന്തോഷം അടക്കാനായില്ല. ഇത് തിരിച്ചുവരവാണ് എന്ന് മനസിലാക്കുന്ന നിമിഷം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ നിമിഷത്തിനു വേണ്ടിയാണ് ഏറെനാളായി കാത്തിരുന്നത്- ഷറപ്പോവ പറഞ്ഞു.
റാക്കറ്റ് കൈയിലെടുക്കാതെയും ടെന്നീസ് ബോളുകൾ തൊടാതെയും കുറച്ചുനാൾ താൻ മുന്നോട്ട് പോയെന്നും ടെന്നീസ് കോർട്ടിലേക്ക് മടങ്ങിവരുമോയെന്ന് ഉറപ്പില്ലാതിരു ന്നതിനാലാണ് പരിശീലനം പോലും ഉപേക്ഷിച്ചതെന്നും ഷറപ്പോവ വ്യക്തമാക്കി.
അതുകൊണ്ട് ബിസ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ്. എന്നാൽ, തിരിച്ചുവന്നേ മതിയാകൂ എന്ന് പിന്നീട് തോന്നിത്തുടങ്ങി, അപ്പോൾ മുതൽ കഠിനമായി പരിശീലനത്തിലേർപ്പെട്ടു. ഏറെ ആത്മവിശ്വാസവും പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്നു, അതാണ് തന്നെ കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്-ഷറപ്പോവ പറഞ്ഞു.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ സസ്പെൻഷൻ നേരിട്ട ഷറപ്പോവ 15 മാസങ്ങൽക്കു ശേഷമാണ് കളിക്കളത്തിൽ തിരികെയെത്തിയത്. ഇത്രയും നാൾ വിട്ടുനിന്നതാൽ റാങ്കിംഗിലും അവർ ഏറെ പിന്നോട്ട് പോയിരുന്നു. വൈൽഡ് കാർഡ് എൻട്രി നേടിയാണ് ഷറപ്പോവ മത്സരത്തിനെത്തിയത്. അതിനിടെ ഷറപ്പോവയ്ക്ക് വൈൽഡ് കാർഡ് എൻട്രി നൽകിയതിനെതിരെ ചില കോണുകളിൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്തിരുന്നു.