കാലിഫോർണിയ: വിലക്കിനു ശേഷം കളത്തിൽ തിരിച്ചെത്തിയ റഷ്യൻ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയ്ക്ക് പരിക്കിന്റെ രൂപത്തിൽ വീണ്ടും തിരിച്ചടി. പരിക്കിനെ തുടർന്ന് സ്റ്റാൻഫോർഡ് ക്ലാസിക്കിൽനിന്ന് ഷറപ്പോവ പുറത്തായി. സ്റ്റാൻഫോർഡ് ക്ലാസിക്ക് രണ്ടാം റൗണ്ട് മത്സരത്തിൽ യുക്രൈൻ താരം ലീസിയ സുർൻകോയുമായുള്ള മത്സരത്തിനിടെയാണ് ഷറപ്പോവ കൈക്കു പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയത്. തിങ്കളാഴ്ച ഷറപ്പോവ ജെന്നിഫർ ബ്രാഡിയെ പരാജയപ്പെടുത്തിയിരുന്നു.
സ്റ്റാൻഫോർഡിൽ ഷറപ്പോവയ്ക്കു പിഴച്ചപ്പോൾ ഗാർബിനെ മുഗുറുസ ജയിച്ചുകയറി. അമേരിക്കയുടെ കയ്ല ഡേയെയാണ് മുഗുറുസ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു ജയം. സ്കോർ: 6-2, 6-0.