ഷെന്‍ചെന്‍(ചൈന): മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഷെന്‍ചെന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍ തോറ്റു. മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കാറ്റെറീന സിനികോവയോടാണ് ഷറപ്പോവ പരാജയപ്പെട്ടത്. 6-2, 3-6, 6-3നായിരുന്നു റഷ്യന്‍ താരത്തിന്റെ തോല്‍വി.
പുതിയ റാങ്കിംഗ് വരുമ്പോള്‍ ഷറപ്പോവ റാങ്കിംഗില്‍ ആദ്യ 50ലെത്തും. വിലക്കിനുശേഷം ടെന്നീസിലേക്കു തിരിച്ചെത്തിയ ഷറപ്പോവയുടെ രണ്ടാം ഫൈനലെന്ന മോഹമാണ് പൊലിഞ്ഞത്. ഒക്ടോബറില്‍ ടിയാന്‍ജിന്‍ ഓപ്പണില്‍ ഷറപ്പോവ ചാമ്പ്യനായിരുന്നു.
ഫൈനലില്‍ സിനിക്കോവ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിനെ നേരിടും. ഹാലെപ് സ്വന്തം നാട്ടുകാരി ഇറിന കാമേലിയ ബെഗുവിനെ 6-1, 6-4ന് പരാജയപ്പെടുത്തി. ആദ്യ സെറ്റ് അനായാസം നേടിയ ഹാലെപ്പിന് രണ്ടാം പകുതിയിൽ സ്വന്തം നാട്ടുകാരിയുടെ വെല്ലുവിളി അതിജീവിച്ച് വിജയം നേടി.