തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീനെ (68) ആശുപത്രിയിൽ നിന്നും കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.
പീഡനക്കേസ് വിവാദമായതോടെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ ഇന്ന് വൈകുന്നേരത്തോടെ തലശേരിയിൽ എത്തും.
നിലന്പൂരിലെ സിറ്റിംഗിന് ശേഷമാണ് അദ്ദേഹം തലശേരിയിൽ എത്തുന്നത്. പ്രതിയെ രക്ഷിക്കാനുള്ള നീക്കം ഊർജിതമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് പോക്സോ കേസിലെ നിരീക്ഷണ അഥോറിറ്റി കൂടിയായ ബാലാവകാശ കമ്മീഷൻ ഇടപെടുന്നത്.
പീഡനം സംബന്ധിച്ച് വിശദമായ വിവരങ്ങൾ കമ്മീഷന് ലഭിച്ചതായും ഗൗരവമായി കണ്ട് നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. മനോജ് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഷറഫുദ്ദീനെ ഇന്നലെ വൈകുന്നേരം 5.30 നാണ് കണ്ണൂർ സബ് ജയിലിൽ പ്രവേശിപ്പിച്ചത്.
ഇവിടെ ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നുള്ള കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഉന്നതന്റെ സമ്മർദ്ദത്തെ തുർന്ന് പ്രതിയെ പരിയാരത്ത് തന്നെ തുടരാൻ ശക്തമായ നീക്കമാണ് നടന്നത്.
എന്നാൽ കോടതിയുടെ അനുമതിയോടെ പ്രതിയെ മെഡിക്കൽ ബോർഡിനു മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ജയിലിലേക്ക് അയക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി പ്രതിയെ ആൻജിയോ ഗ്രാമിന് വിധേയമാക്കിയിരുന്നു. പരിശോധനയിൽ തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നിട്ടും പ്രതിയെ ഡിസ്ചാർജ് ചെയ്തു ജയിലിലേക്കയക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഒടുവിൽ തലശേരി പോലീസ് അസി.കമ്മീഷണർ വി.സുരേഷ് മെഡിക്കൽ ബോർഡിന് മുമ്പാകെ പ്രതിയെ ഹാജരാക്കാനുള്ള സാധ്യത ആരാഞ്ഞതോടെയാണ് വൈകുന്നേരത്തോടെ പ്രതിയെ ഡിസ്ചാർജ് ചെയ്തു ജയിലിലെത്തിച്ചത്.