തലശേരി: തലശേരിയിൽ പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ(68 നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
ധർമടം സിഐ ടി.പി സുമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതിയുമായി വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പ്രതിയുടെ രണ്ട് ആഡംബര മൊബൈലുകൾ പോലീസ് കണ്ടെടുത്തു.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. പ്രതിയുമായി ആശുപത്രിയിലേക്കെത്തിയ പോലീസ് ജീപ്പിനെ പിന്തുടർന്ന് ആഡംബര കാറിൽ പ്രതിയുടെ ബന്ധുക്കൾ എത്തിയത് വിവാദമായി.
പോലീസ് ജീപ്പിലിരുന്ന പ്രതിയോട് ബന്ധുക്കൾ സംസാരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിയുടെ ബന്ധുക്കളുടെ വാഹനം ആശുപത്രി കോമ്പൗണ്ടിനുളളിൽ കടന്നതും ചോദ്യം ചെയ്തു ജനങ്ങൾ എത്തിയതോടെ സംഘർഷം ഉടലെടുത്തു. പ്രതിയുടെ ബന്ധുക്കൾ ജനങ്ങളോട് തട്ടിക്കയറിയതോടെ സംഘർഷം രൂക്ഷമായി.
കോടതി കസ്റ്റഡിയിൽ വിട്ട പോക്സോ കേസിലെ പ്രതിക്ക് ബന്ധുക്കളുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയത് ശരിയല്ലെന്നായിരുന്നു പോലീസ് ജീപ്പ് വളഞ്ഞ ജനങ്ങളുടെ നിലപാട്. ഒടുവിൽ ഏറെ സാഹസപ്പെട്ടാണ് പ്രതിയുടെ മെഡിക്കൽ പരിശോധന നടത്തി പോലീസ് പ്രതിയുമായി തിരിച്ചു പോയത്.
മെഡിക്കൽ പരിശോധനക്കുള്ള റിക്വസ്റ്റ് ഡോക്ടർക്ക് നൽകാൻ എസ് ഐ പോയ സമയത്താണ് ബന്ധുക്കൾ ജീപ്പിലിരുന്ന പ്രതിയുമായി സംസാരിക്കാൻ ശ്രമിച്ചതെന്നും സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ടോയെന്ന് അന്വഷിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലേക്കയച്ചു. പ്രതിയുടെ ജാമ്യ ഹർജി വിധി പറയുന്നതിനായി കോടതി ഇന്നത്തേക്ക് മാറ്റി വെച്ചു. ഇന്നലെ രാവിലെ കോടതിയിൽ കൊണ്ടു വന്ന പ്രതി അവശ നിലയിലാണുണ്ടായിരുന്നത്.
ഇതിനിടയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി 164 പ്രകാരം തലശേരി ജുഡീഷ്ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രുഗ്മ എസ്. രാമു രേഖപ്പെടുത്തി. ധർമടം പോലീസിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ചീഫ് ജുഡിഷൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
നേരത്തെ കതിരൂർ പോലീസിന്റെ ഹർജിയെ തുടർന്ന് 164, പ്രകാരമുള്ള മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാർച്ച് 25 നാണ് ഷറാറ ഷറഫു പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്.