തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ലൈംഗിക ക്ഷമത ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) നെ പരിശോധിക്കാനാണ് ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ എന്നിവരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുള്ളത്. ഇന്ന് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ബോർഡ് രൂപീകരിച്ചിട്ടുള്ളത്.
എന്നാൽ മെഡിക്കൽ ബോർഡിൽ ലൈംഗിക ക്ഷമത പരിശോധിക്കുന്നതിനുളള വിദഗ്ദ ഡോക്ടർ, സൈക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്ന് ധർമടം പോലീസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
. പോലീസ് ആവശ്യപ്പെട്ട ലൈംഗിക ക്ഷമത പരിശോധിക്കുന്ന വിദഗ്ധ ഡോക്ടർ ഉൾപ്പെടെയുള്ള ചിലരുടെ സേവനം ജില്ലാ ആശുപത്രിയിൽ ലഭ്യമല്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് ജില്ലാ ആശുപത്രി അധികൃതർ ഡിഎംഒക്ക് കത്ത് നൽകി.