തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്റെ രണ്ടാമത്തെ ലൈംഗിക ക്ഷമത പരിശോധനയും അട്ടിമറിക്കാൻ നീക്കം.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടക്കേണ്ട പരിശോധന പരിയാരത്ത് നടത്താനാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രിത നീക്കം നടന്നതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
കോടതി ഉത്തരവിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിനെ മറികടന്നു കൊണ്ട് പരിയാരത്ത് പുതിയ ബോർഡ് രൂപീകരിക്കാനുള്ള ശ്രമമാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.
ഷറാറ റിമാൻഡിൽ കഴിയുന്ന ജയിലിലെ ചിലരുടെ ഒത്താശയും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും സൂചനയുണ്ട്. കോടതിയുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോഡ് ഇന്നലെ രാവിലെ പത്തിന് ഷറാറ ഷറഫുവിനെ പരിശോധിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ പ്രതിയെ ജയിലിൽ നിന്നു മെഡിക്കൽ ബോർഡിന് മുമ്പാകെ എത്തിച്ചില്ല. മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച വിവരം മാത്രമേ അറിയൂവെന്നും പ്രതിയെ പരിശോധനക്കെത്തിക്കാൻ നിർദേശം ലഭിച്ചില്ലെന്നുമായിരുന്നു ജയിലധികൃതരുടെ നിലപാടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഇതിനിടയിലാണ് പരിയാരത്തേക്ക് മാറ്റാനുള്ള ഉത്തരവും ഇറങ്ങിയത്. സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്ന് ഇന്ന് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്താൻ വീണ്ടും തീരുമാനിച്ചിട്ടുണ്ട്.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ എന്നിവരടങ്ങിയ ആറംഗ മെഡിക്കൽ ബോർഡാണ് ഇന്ന് പ്രതിയെ പരിശോധിക്കുക.
തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗികക്ഷമതയില്ലെന്ന റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ലൈംഗിക ക്ഷമതാ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.
സാധാരണ പോക്സോ കേസുകളിൽ ലൈംഗികക്ഷമത പരിശോധനകളിലെ റിപ്പോർട്ടുകളിൽ ലൈംഗികക്ഷമത ഇല്ലായെന്ന് പറയാൻ കാരണം കാണുന്നില്ലെന്നാണ് രേഖപ്പെടുത്താറ്. എന്നാൽ തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ലൈംഗികക്ഷമത ഇല്ലെന്ന റിപ്പോർട്ടാണ് നൽകിയത്.
പ്രതിയെ ബന്ധുക്കൾക്കൊപ്പം എട്ട് മണിക്കൂർ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കിടത്തിയതും അന്ന് വിവാദമായിരുന്നു. ഇതിനിടയിൽ ഷറാറ ഷറഫുവിന്റെ ജാമ്യ ഹർജി കോടതി ഇന്നലെ പരിഗണിച്ചു. വാദം കേട്ട ശേഷം കേസ് 27 ലേക്ക് മാറ്റി.
ഇതേ കേസിൽ കൈകക്കുഞ്ഞുമായി റിമാൻഡിൽ കഴിയുന്ന യുവതിയുടെ ജാമ്യഹർജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃസഹോദരി കൂടിയായ പ്രതിയുടെ ജാമ്യ ഹർജിയാണ് ഇന്ന് കോടതിക്കു മുന്നിലെത്തുന്നത്.
മാർച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂൺ 28 തിങ്കളാഴ്ചയാണ് ധർമടം സിഐയായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷറാറ ഷറഫുവിനെ അറസ്റ്റ് ചെയ്തത്.