സ്വന്തം ലേഖകൻ
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ലൈംഗിക ക്ഷമത ഉൾപ്പെടെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു.
വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) നെ പരിശോധിക്കാനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ഉത്തരവിട്ടത്.
ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കോടതി ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. ഇതിനിടയിൽ മെഡിക്കൽ പരിശോധനക്ക് തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഭാഗം സമർപ്പിച്ച ഹർജി കോടതി 19 ലേക്ക് മാറ്റി.
ഹർജിയോടൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ അഫിഡ്വിറ്റ് ശ്രദ്ധയിൽപെട്ട കോടതി ഓപ്പൺ കോർട്ടിൽ പൊട്ടിത്തെറിച്ചു. ജയിൽ സൂപ്രണ്ടിന്റെ ഒപ്പോടെയാണ് അഫിഡ്വിറ്റ് കോടതിക്ക് മുന്നിൽ എത്തിയത്. ജുഡീഷൽ കസ്റ്റഡിയിലുളള പ്രതിയെ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെ കണ്ട് അഫിഡ്വിറ്റ് ഒപ്പിടുവിച്ചു..?
ആരാണ് ഇതിന് അനുമതി നൽകിയത്..? എവിടെ നിന്നാണ് ഈ നടപടിക്രമം പഠിച്ചത് ..? എന്നീ ചോദ്യങ്ങൾ ഉയർത്തിയ കോടതി നിങ്ങൾക്ക് സ്വാധീനം ഉണ്ടാകാം അതൊന്നും ഇവിടെ വേണ്ടെന്നും പറഞ്ഞു. തുടർന്ന് ജയിൽ സൂപ്രണ്ടിന് മെമ്മോ നൽകാനും ഉത്തരവിട്ടു.
പ്രതിക്ക് തലശേരി ജനറൽ ആശുപത്രിയിൽ നിന്നും ലഭിച്ച ലൈംഗിക ക്ഷമതാ സർട്ടിഫിക്കറ്റിലെ അപാകത ബോധ്യപ്പെട്ടതിനെ തുടർന്നാണ് കൂടുതൽ വ്യക്തതക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധനക്ക് വിധേയമാക്കാൻ കോടതി ഉത്തരവിട്ടിട്ടുള്ളത്.
മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിക്കണമെന്ന് കേസന്വേഷിക്കുന്ന ധർമ്മടം പോലീസിന് വേണ്ടി പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീനാ കാളിയത്ത് കോടതിയിൽ നൽകിയ ഹർജിയിലാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഉത്തരവുണ്ടായത്.
ഇതിനിടയിൽ ഈ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഒന്നാം പ്രതിയെ ധർമടം സിഐ ടി.വി. സുമേശിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃസഹോദരി ഭർത്താവായ ഒന്നാം പ്രതിയെ ഒരു ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാളെ കതിരൂർ പോലീസാണ് ആദ്യം അറസ്റ്റ് ചെയ്തത്. കതിരൂർ ആറാം മൈലിലെ ക്വാർട്ടേഴ്സിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലായിരുന്നു മുപ്പത്തെയെട്ടുകാരനായ ഇയാളുടെ ആദ്യ അറസ്റ്റ് നടന്നത്.
പിന്നീട് കോടതിയുടെ അനുമതിയോടെ ധർമ്മടം പോലീസ് ജയിലിൽ വെച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാർച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം.