തലശേരി: അതി സമ്പന്നനും വ്യാപാര പ്രമുഖനുമായ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ൻ ഉൾപ്പെടെ പ്രതിയായ പീഡനക്കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
രാഷ്ട്രദീപിക പുറത്തു കൊണ്ടു വന്ന നാടിനെ നടുക്കിയ പീഡന കേസിൽ സമ്പന്നനായ പ്രതിയെ രക്ഷിക്കാനുള്ള ഉന്നത നീക്കങ്ങളെ മറികടന്നാണ് റെക്കോർഡ് വേഗതയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ധർമടം സിഐ എം.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (പോക്സോ കോടതി ) കുറ്റപത്രം സമർപ്പിച്ചത്.
35 സാക്ഷികളുള്ള ഈ കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളും ലൈംഗിക ക്ഷമത സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് അടങ്ങിയ രേഖകളും ഉൾപ്പെടെ നൂറു പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
മാതൃസഹോദരിയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഷറാറ ഷറഫുദ്ദീന് കാഴ്ച വയ്ക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പോക്സോയ്ക്കു പുറമെ തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേസിലെ മൂന്ന് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണുള്ളത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഷറാറ ഷറഫുദ്ദീനെ രക്ഷിക്കാൻ നടന്ന നീക്കങ്ങൾ ഏറെ വിവാദമായിരുന്നു.അറസ്റ്റിലായ ദിവസം മുതൽ പ്രതിയെ രക്ഷിക്കാൻ ആസൂത്രിത നീക്കങ്ങളാണ് നടന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനക്ക് കൊണ്ടു വന്ന പ്രതിയെ ഏഴ് മണിക്കൂർ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കിടത്തുകയും ബന്ധുക്കൾക്ക് കാണാൻ അവസരമൊരുക്കുകയും ആഢംബര ആശുപത്രിയിലേക്ക് മാറ്റാൻ നീക്കം നടക്കുകയും ചെയ്തു.
പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ പ്രതിക്ക് അവിടേയും നക്ഷത്ര സൗകര്യമാണ് ലഭിച്ചത്. ഒടുവിൽ കോടതി ഇടപെട്ടാണ് പ്രതിയെ ജയിലേക്ക് മാറ്റിയത്. പ്രതിക്ക് ലൈംഗിക ക്ഷമതയില്ലെന്ന തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോർട്ടും വിവാദമായി. ഒടുവിൽ
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം പരിശോധന നടത്തുകയും ഷറാറ ഷറഫുവിന് ലൈംഗിക ശേഷിക്കുറവില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ ആദ്യ റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. വിവാദ തീരുമാനങ്ങളെ തുടർന്ന് ഡിഎംഒയേയും ജയിൽ സൂപ്രണ്ടിനേയും കോടതി ശാസിച്ച സംഭവവും ഈ കേസിൽ ഉണ്ടായി.
മാർച്ച് 25 നായിരുന്നു കേസിന്നാസ്പദമായ സംഭവം നടന്നത്. ജൂൺ 28 നാണ് ധർമടം സിഐയായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷറാറ ഷറഫുവിനെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയും പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃ സഹോദരി ഭർത്താവുമായ ഒന്നാം പ്രതിക്കെതിരെ കതിരൂർ, ധർമടം പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോക്സോ കേസുകളാണുള്ളത്.
ഒന്നാം പ്രതിയുടെ ഭാര്യയും രണ്ടാം പ്രതിയുമായ യുവതി കൈക്കുഞ്ഞുമായാണ് റിമാൻഡിൽ കഴിഞ്ഞത്.