വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ കലോത്സവത്തിനിടെ പതിനേഴുകാരനായ വിദ്യാർഥിയെ കത്തിക്കു കുത്തി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി കുഴുപ്പിള്ളി മുല്ലപറന്പിൽ ശരത്തി 18 നെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ശരത്തിനെ കോഴിക്കോട് താമരശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ നായരന്പലം കൊച്ചന്പലം കളത്തിപ്പറന്പിൽ ബെന്നിയുടെ മകൻ ഷാലു 17 വിന്റെ മൊഴി അനുസരിച്ച് വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഇപ്പോൾ ശരത്ത് ഉൾപ്പെടെ നാല് പ്രതികളാണുള്ളത്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ പോലീസ് ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഷാലുവിനൊപ്പം പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അജയ് എന്ന യുവാവിന്റെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്. ഇതു പ്രകാരം പ്രതിപ്പട്ടിക ഇനിയും നീളുമെന്നാണ് പോലീസ് പറയുന്നത്. 14ന് ഞാറക്കൽ പള്ളിപ്പാലത്തിനടുത്താണ് സംഭവം നടന്നത്. കലോത്സവവേദിയുടെ സമീപത്തുവച്ച് സഹപാഠിയായ പെണ്‍കുട്ടിയുമായി ഷാലു സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന പ്രതിയും കൂട്ടാളികളും ചേർന്ന് നഗറിനു പുറത്തുവച്ച് ഷാലുവിനെ മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഒന്നാം പ്രതി കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഏഴു കുത്തുകളോടെ സാരമായി പരിക്കേറ്റ ഷാലു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തർക്കത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നതാണ് അജയ്. ഇയാളെയും പ്രതി കുത്തി. ഇയാൾ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലാണ്. നാടുവിട്ട പ്രതിയെ മൊബൈൽ ഫോണ്‍ ലൊക്കേഷൻവച്ച് പിന്തുടർന്ന് ഞാറക്കൽ സിഐ എം.കെ. മുരളി, എസ്ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിൽ എസ്സിപിഒ താഹിർ, സിപിഎമാരായ മനോജ്, ടിറ്റു, മിറാഷ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.