ന്യൂഡൽഹി: പെരിയ കേസിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.
ജസ്റ്റീസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് സുപ്രീകോടതിയുടെ ഉത്തരവ്. കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ കേസ് അന്വേഷിക്കാനാകുന്നില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. എസ്പിയോടും ഡിവൈഎസ്പിയോടും ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
ഇതേതുടർന്നു, രേഖകൾ വിട്ടുനൽകാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.വിധി സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയാണെന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ പ്രതികരിച്ചു.
സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സിബിഐ സ്വാധീനിക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തി.