കണ്ണൂർ: ഉപ്പയുടെ നിരപരാധിത്വം തെളിയിക്കാൻ മകനും മകന്റെ കൂട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ യഥാർഥ പ്രതിയെ പിടികൂടി. ചക്കരക്കൽ മാല മോഷണ കേസിൽ അറസ്റ്റിലായ യഥാർഥ പ്രതിയായ മാഹി അഴിയൂരിലെ കോറോത്ത് അന്പലത്തിനു സമീപം താമസിക്കുന്ന ശരത്ത് വത്സരാജിനെയാണ് (35) ഡിവൈഎസ്പി പി.പി. സദാനന്ദനും സംഘവും കസ്റ്റഡിയിലെടുത്തത്.
മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മാലമോഷണത്തെക്കുറിച്ച് അറിയുന്നത്. മാലമോഷണക്കേസിൽ കതിരൂർ സ്വദേശി താജുദ്ദീനെ അറസ്റ്റ് ചെയ്ത് 54 ദിവസം റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ചോരക്കുളത്ത് വീട്ടമ്മയുടെ അഞ്ചരപവൻ മാല മോഷണം പോയത്.
മാല തട്ടിയെടുത്ത ആളുടെ സിസിടിവി ദൃശ്യവുമായി സാമ്യമുണ്ടെന്ന നിലപാടിനെ തുടർന്നാണ് താജുദ്ദീനെ ചക്കരക്കൽ പോലീസ് അറസ്റ്റ്ചെയ്തത്. നിരപരാധിത്വം തെളിയിക്കപ്പെട്ടതിനെ തുടർന്ന് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ ചക്കരക്കൽ എസ്ഐയ്ക്കെതിരേ വകുപ്പുതല നടപടിയെടുക്കുകയും ചെയ്തു.
സിസിടിവി കാമറയുടെ ബിസിനസ് നടത്തിവരികയായിരുന്ന ശരത്ത് വത്സരാജ്. മുക്കം, വടകര, പെരിന്തൽമണ്ണ ഭാഗങ്ങളിൽ ബിസിനസിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് പലരേയും പണം വാങ്ങി വഞ്ചിക്കുകയായിരുന്നു. നിരവധി കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വഞ്ചനാകേസിൽ അറസ്റ്റിലായ ഇയാളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്ത്കോഴിക്കോട് ജയിലിലേക്ക് അയക്കുകയായിരുന്നു. കണ്ണൂരിൽ കാമറ ബിസിനസ് നടത്തുന്നതിനായി സുഹൃത്തുമായി സംസാരിക്കാൻ എത്തിയതായിരുന്നു ഇയാൾ.
സുഹൃത്തിന്റെ സ്കൂട്ടറുമായി എത്തിയ ഇയാൾ തിരികെ പോകുന്നതിനിടെയാണ് വീട്ടമ്മയുടെ മാല കവർന്നത്. ഇതിനിടെ തലശേരിയിൽ മറ്റൊരു കവർച്ചയും ഇയാൾ നടത്തിയിരുന്നു. കവർന്ന മാല തലശേരിയിലെ ഒരു ജ്വല്ലറിയിൽനിന്നും ഇയാൾ യാത്ര ചെയ്ത സ്കൂട്ടർ മാഹിയിൽനിന്നും പോലീസ് കണ്ടെടുത്തു.
മകനും കൂട്ടുകാരും നടത്തിയ അന്വേഷണം
ഉപ്പ അറസ്റ്റിലായതോടെ നിരപരാധിത്വം തെളിയിക്കാൻ മകനും മകന്റെ കൂട്ടുകാരും അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ചക്കരക്കൽ പോലീസ് സ്കൂട്ടറിൽ സഞ്ചരിച്ച മോഷ്ടാവിന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷനും വാഹനത്തെക്കുറിച്ചുള്ള അന്വേഷണവും കതിരൂരിൽ അവസാനിപ്പിച്ചെങ്കിലും താജുദ്ദീന്റെ മകനും കൂട്ടുകാരും തുടർന്നുള്ള വാഹനത്തിന്റെ സഞ്ചാരവും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു.
വണ്ടി പോകുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ അഴിയൂർ, മാഹി പ്രദേശങ്ങളിൽ നിന്ന് ലഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടി. ഫോട്ടോയിൽ ഇയാൾ കൈയിൽ വള ധരിച്ചതായും സ്കൂട്ടറിന്റെ ഹെൽമെറ്റ് മുൻവശത്ത് വച്ചതായുംകണ്ടെത്തി. തുടർന്ന് താജുദ്ദീന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി ജസ്റ്റിസ് ഫോർ താജുദ്ദീൻ എന്ന പേരിൽ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ ഫെയ്സ് ബുക്കിൽ ഒരു പേജ് ഉണ്ടാക്കുകയും ചെയ്തു.
ഈ പേജിലൂടെ ഇവർക്ക് ലഭിച്ച പ്രതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ചിത്രത്തിൽ ഇയാളെ തലശേരി സ്വദേശിയായ ഒരാൾ തിരിച്ചറിയുകയായിരുന്നു. അഴിയൂർ സ്വദേശി ശരത്ത് വത്സരാജാണ് ചിത്രത്തിലുള്ളയാളെന്ന് തിരിച്ചറിഞ്ഞ താജുദ്ദീന്റെ സുഹൃത്തുക്കൾ ഡിവൈഎസ്പി പി.പി. സദാനന്ദനെ സമീപിക്കുകയായിരുന്നു.