കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കേസ് സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന നിലപാടിൽ ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് വിധി കനത്ത തിരിച്ചടിയായി.
2019 സെപ്റ്റംബർ 30-നാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എന്നാൽ ഒക്ടോബർ 28ന് വിധിക്കെതിരേ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഈ ഹർജിയിൽ വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് അനന്തമായി നീണ്ടുപോവുകയായിരുന്നു.
ഇതോടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കുടുംബം ചീഫ് ജസ്റ്റീസിന് പരാതി നൽകുകയായിരുന്നു. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി അടിയന്തരമായി വിധി പ്രസ്താവിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഈ പരാതി പരിഗണിച്ചാണ് ഇന്ന് അടിയന്തര വിധിയുണ്ടായത്.
അതേസമയം ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തുവെന്നത് സർക്കാരിന് ആശ്വാസമാണ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ 14 പ്രതികളാണുള്ളത്.
കാസര്‍ഗോഡ് പെരിയയില്‍ 2019 ഫെബ്രുവരി 17-ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ഭരണത്തിലുള്ള പ്രധാന പാർട്ടിയുടെ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ കുടുംബം നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐയ്ക്കു വിട്ടത്.