തലശേരി: “അയാൾ വലിയ പണക്കാരനാണ്. മോളെ വിവാഹം കഴിക്കും. മോൾക്ക് സ്വർണം തരും. എന്ത് വേണമെങ്കിലും ചെയ്തു തരും’.
മോൾ അയാളുടെ കൂടെ പോകണമെന്ന് പീഡന ശ്രമത്തിനിരയായ പതിനഞ്ചുകാരിയുടെ മാതൃ സഹോദരിയും ഭർത്താവും പെൺകുട്ടിയോട് പറഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബീന കാളിയത്ത് കോടതിയിൽ പറഞ്ഞു.
തലശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീന്റെ (68) ജാമ്യഹർജിയിൽ നടന്ന രണ്ടര മണിക്കൂർ നീണ്ടു നിന്ന വാദത്തിലാണ് അഡ്വ. ബീന കാളിയത്ത് കേസിലെ മറ്റ് പ്രതികൾ പെൺകുട്ടിക്ക് നൽകിയ വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയത്.
ആശുപത്രിയിൽ സുഖവാസം
പോക്സോ കേസിൽ അറസ്റ്റിലായ ഷറഫുദ്ദീൻ ഒരു അസുഖവുമില്ലാതെ എട്ട് മണിക്കൂർ സമയമാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞത്.
ഇവിടെ നിന്നും പ്രതിയെ ആഡംബര ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമവും നടന്നു. പരിയാരം മെഡിക്കൽ കോളജിൽ ഒരു അസുഖവുമില്ലാതെ ഇയാൾ നാല് ദിവസമാണ് കിടന്നത്.
ആശുപത്രികളിൽ പ്രതിക്ക് ലഭിച്ചത് സുഖ ചികിത്സയാണ്. കോടതി മെഡിക്കൽ റിപ്പോർട്ട് തേടിയപ്പോൾ മാത്രമാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്.
ഇക്കാര്യങ്ങൾ മാത്രം പരിഗണിച്ചാൽ തന്നെ പ്രതിയുടെ സ്വാധീനം കോടതിക്ക് ബോധ്യപ്പെടും – പ്രോസിക്യൂഷൻ കോടതി മുമ്പാകെ പറഞ്ഞു.
പ്രതിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും ഹൈപ്പർ ടെൻഷൻ, ബാലൻസിംഗ് പ്രശ്നം, മൂത്ര തടസം എന്നീ രോഗങ്ങളുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം അടിസ്ഥാന രഹിതമാണ്.
ഇതിനായി ഹാജരാക്കിയ ചികിത്സാ രേഖകൾ പതിമൂന്ന് വർഷം മുമ്പുള്ളതാണ്. കതിരൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ തുടർനടപടികൾക്കിടയിലാണ് സമ്പന്നനായ ഈ പ്രതിയുടെ പങ്ക് പുറത്ത് വന്നതും ധർമടം പോലീസ് കേസെടുത്തതും.
പ്രതിയുടെ വീടിന്റെ മുൻ ഭാഗത്തുള്ള പള്ളിയോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ചാണ് പീഡനശ്രമം നടന്നത്. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി ക്രൂരമായ കൃത്യമാണ് ചെയ്തിട്ടുള്ളത്.
ഫോൺകോൾ വിവരങ്ങൾ
ഫോൺ കോൾ ഡീറ്റൈയിൽസ് ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി അതിസമ്പന്നനാണ് വൻ സ്വാധീനവുമുണ്ട് ആരേയും വിലക്കെടുക്കും.
ജാമ്യം നൽകിയാൻ കേസ് അട്ടിമറിക്കും, അതു കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന് അഡ്വ. ബീന കാളിയത്ത് കോടതിയിൽ പറഞ്ഞു.
എന്നാൽ, തന്റെ കക്ഷിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.കെ. വിശ്വൻ കോടതിയിൽ പറഞ്ഞു.
പള്ളിയുടെ മുന്നിലാണ് വീടുള്ളത്. വീട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഒരു ജന്മദിനാഘോഷം നടന്നിരുന്നു.
അതു കൊണ്ട് തന്നെ ഇത്തരം ഒരു സംഭവം അവിടെ നടക്കുക അസാധ്യമാണ്. വ്യാപാര പ്രമുഖനായ തന്റെ കക്ഷിയിൽ നിന്നും ഭീഷണിപ്പെടുത്തി പലരും പണം തട്ടാൻ ശ്രമിച്ചിരുന്നു.
പ്രായമായ മനുഷ്യനാണ്, ഒത്തിരി ആരോഗ്യ പ്രശ്നങ്ങളുണ്ട്. ജാമ്യം അനുവദിച്ചു തരണമെന്നും കെ. വിശ്വൻ കോടതിയിൽ പറഞ്ഞു. രണ്ടര മണിക്കൂർ വാദം കേട്ട ശേഷം കേസ് വിധി പറയുന്നതിനായി എട്ടിലേക്ക് മാറ്റി.
ഇതിനിടയിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാന ബാലവകാശ കമ്മീഷൻ ബന്ധപ്പെട്ടവരോട് റിപ്പോർട്ട് തേടി. കഴിഞ്ഞ മാർച്ച് 25 നാണ് ഷറാറ ഷറഫു പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്.