സോനു തോമസ്
മക്കളെ തണുക്കുന്നു, പുതയ്ക്കാൻ ഒരു പുതപ്പ് കൊണ്ടുവന്നു തരാമോ? രാത്രി 11.30ന് കോട്ടയം ആർപ്പൂക്കരയിലെ ദുരിതാശ്വാസ ക്യാന്പിൽ നിന്ന് ഒരു വല്യമ്മയുടെ ഫോൺവന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. കൂട്ടുകാരെ വിളിച്ചു വിവരം അറിയിച്ചു. വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച പുതപ്പുകളുമായി ക്യാന്പിലേക്ക് പുറപ്പെട്ടു.
പുതപ്പുകൾ വാങ്ങി അവർ അറിയിച്ച നന്ദി മാത്രം മതി ഞങ്ങൾക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരാൻ- കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ജില്ലയിലെ 27 ദുരിതാശ്വാസ ക്യാന്പുകളിൽ സാധനങ്ങൾ എത്തിച്ച ഷെയർ എ ബ്ലിസ് അംഗങ്ങളായ മനുവും നോയലും അലനും നിറഞ്ഞ ചിരിയോടെ പറഞ്ഞു.
1500-ലേറെ പേർക്ക് ഭക്ഷണം, പായ, അരി, ബിസ്കറ്റ്,വെള്ളം തുടങ്ങിയ എല്ലാ സാധനങ്ങളും ഇവർ ക്യാന്പുകളിൽ എത്തിക്കുന്നു. മൂന്നു പേരിൽ ഒതുങ്ങുന്നതല്ല ഈ സൗഹൃദ കൂട്ടായ്മ. കുടമാളൂർ -കഞ്ഞിക്കുഴി സ്വദേശികളായ പ്ലസ്ടു മുതൽ ആദ്യ വർഷ ബിരുദ-ഡിപ്ലോമ വിദ്യാർഥികളായ ചാക്കോ, അരവിന്ദ്, രോഹൻ, മൈക്കിൾ, ഗ്രിഗറി, ജിൻസു എന്നീവരാണ് ഷെയർ എ ബ്ലിസിന്റെ സാരഥികൾ.
വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയത്. പക്ഷെ ആ ഉദ്യമത്തെ സുരക്ഷിതത്വം മുൻനിർത്തി നാട്ടുകാർ സ്നേഹത്തോടെ പിൻതിരിച്ചപ്പോൾ ക്യാന്പിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനുള്ള ദൗത്യം ഇവർ ഏറ്റെടുക്കുകയായിരുന്നു. കോട്ടയം എഫ്ഒസിയുമായി സഹകരിച്ചാണ് ആദ്യം ഇവർ പ്രവർത്തിച്ചത്.
സഹായ വാഗ്ദാനവുമായി കൂടുതൽ ആളുകൾ എത്തിയതോടെ ഇവർ സ്വന്തം വാഹനങ്ങൾ ക്യാന്പിൽ സാധനങ്ങൾ എത്തിക്കാനായി ഉപയോഗിച്ചു തുടങ്ങി. രാവിലെ എട്ടിന് ആരംഭിക്കുന്ന ഒാട്ടം അവസാനിക്കുന്നത് പാതിരാത്രിയോടെയാണ്. ഭക്ഷണ വിതരണത്തിനിടെ സ്വയം ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാറില്ല. വാഹനങ്ങൾക്ക് ഇന്ധനവും പണവും നൽകി വീട്ടുകാർ ഒപ്പം നിൽക്കുന്നതാണ് ഏറെ ആശ്വാസകരമെന്ന് ഇവർ ഒരേസ്വരത്തിൽ പറയുന്നു.
സോഷ്യൽ മീഡിയവഴിയാണ് ഇവർ സഹായം ആവശ്യമുള്ളവരെയും സഹായം ആവശ്യപ്പെടുന്നവരെയും കണ്ടെത്തുന്നത്. ബസേലിയോസ് കോളജ്, പള്ളിക്കുടം സ്കൂൾ, ബേക്കർ സ്കൂൾ, ദർശന അക്കാദമി, ശക്തി ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സുമനസുകളുടെ സഹായവുമാണ് ഷെയർ എ ബ്ലിസിനെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ചിലർ സഹായ വാഗ്ദാനം നടത്തിയ ശേഷം പിന്നീട് പ്രതികരിക്കാത്തതും ചില ക്യാന്പുകളിൽ ഭക്ഷണവും അവശ്യവസ്തുക്കളും പാഴാക്കി കളയുന്നതും വേദനയുണ്ടാക്കുന്നതായി ഈ യുവാക്കൾ നിറഞ്ഞ ചിരിയോടെ പറയുന്നു. ഇനിയുള്ള ദിവസങ്ങൾ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കോട്ടയത്തിന്റെ ഈ മണിമുത്തുകൾ.
സംസാരത്തിനിടെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളികൾ എത്തിക്കൊണ്ടിരിക്കുന്നു. അവധിക്കു ശേഷം ഞങ്ങൾ സ്കൂളിലും കോളജിലും പോകുന്നത് നിറഞ്ഞ സംതൃപ്തിയോടെയാണ് – കളമശേരി രാജഗിരി കോളജ് വിദ്യാർഥിയായ മനു ഫോൺ എടുത്തുകൊണ്ടു പറഞ്ഞു നിർത്തി.