ക്രൈം ലേഖകൻ
കണ്ണൂർ: അഞ്ചു പെണ്ണുങ്ങളും പത്ത് ആണുങ്ങളും ഉൾപ്പെടുന്ന ഒരു ഷെയർ ചാറ്റിംഗ് ഗ്രൂപ്പിൽ അന്വേഷണത്തിന്റെ ഭാഗമായി കയറിയ പോലീസ് കണ്ടതു ഞെട്ടിക്കുന്ന കാര്യങ്ങൾ.
പയ്യന്നൂർ സ്വദേശിനി ഉൾപ്പെട്ടെ ഷെയർചാറ്റിംഗ് ഗ്രൂപ്പിനെക്കുറിച്ചാണ് പയ്യന്നൂർ പോലീസ് വിശദമായ അന്വേഷണം നടത്തിയത്. തളിപ്പറന്പ് സ്വദേശിനിയായ ഒരു യുവതിയും ഈ ഗ്രൂപ്പിൽ ഉണ്ട്.
ഇരകൾ വീഴുന്നു
ഗ്രൂപ്പിലുള്ള യുവാക്കൾ പരസ്പരം അറിയുന്ന ഒരു ഗ്യാംഗ് ആണ്. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ യുവാക്കൾ തന്പടിക്കുന്നത്.
ചാറ്റിംഗിലൂടെ യുവതികളെ കെണിയിൽ വീഴ്ത്തുകയാണ് സംഘത്തിന്റെ മുഖ്യ ലക്ഷ്യം. ഷെയർ ചാറ്റിംഗിലൂടെ ഇവർ ഇരകളെ കണ്ടത്തും. അഞ്ച് പെൺകുട്ടികൾ ആകുന്പോഴേക്കും ഗ്രൂപ്പിൽ ആളുകളെ ചേർക്കൽ നിർത്തുന്നു.
യുവാക്കൾ പരസ്പരം അറിയാവുന്നവരാണെങ്കിലും പരിചയമില്ലാത്തവരെ പോലെ പെരുമാറും. പിന്നെ, വിശേഷങ്ങൾ പറച്ചിലുകളുമായും ചിത്രങ്ങൾ അയച്ചും ചാറ്റിംഗ് തുടരുന്നു. ഇതിനിടയിൽ അഞ്ചിൽ രണ്ടു പെൺകുട്ടികളെങ്കിലും ഇവരുടെ വലയിൽ വീഴുന്നു.
ചാറ്റ് മാറ്റം
ഈ പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നവർ പിന്നെ പേഴ്സണലായി ഇവരോടു ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിക്കും. വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ അടക്കം പകർത്തും. ഈ ദൃശ്യങ്ങൾ കാണിച്ചാണ് പിന്നെ ഭീഷണി.
വലയിൽ വീഴ്ത്തിയ യുവാവുമായി പലേടങ്ങളിൽ യുവതി കറങ്ങുന്നു. ഒടുവിൽ തന്റെ സുഹൃത്തിന്റെ കൂടെ ഒരു ദിവസം കറങ്ങണമെന്നു യുവതിയോടു യുവാവ് നിർദേശിക്കും.
സമ്മതിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നു. പിന്നെ, പെൺകുട്ടിയെയും കൊണ്ടു കേരളത്തിനു പുറത്തേക്കു കടക്കുന്നു. ഇതിനിടയിൽ, പെൺകുട്ടിയെ പലർക്കും കൈമാറുന്നു.
അവസാനം മയക്കുമരുന്ന് കാരിയർ എന്ന നിലയിലേക്ക് ഈ യുവതിയെ മാറ്റുന്നു.
രക്ഷപ്പെടുത്തി
ഷെയർ ചാറ്റിംഗിൽ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് കെണിയിൽപ്പെടുത്തി മാഫിയ സംഘത്തിനു കൈമാറിയ 21കാരിയെ പയ്യന്നൂർ പോലീസ് കഴിഞ്ഞ ദിവസം ഗോകർണത്തുനിന്നു രക്ഷപ്പെടുത്തിയിരുന്നു.
പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിൽ എഎസ്ഐ എ.ജി. അബ്ദുൾ റൗഫ്, സിവിൽ പോലീസ് ഓഫീസർ സൈജു എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയെ കണ്ടെത്തിയത്.
അപരിചിതരുമായി ഇത്തരം സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി സൗഹൃദമുണ്ടാക്കുകയോ ഇടപഴകുകയോ ചെയ്യരുതെന്നു പോലീസ് പെൺകുട്ടികൾക്കു മുന്നറിയിപ്പ് നൽകുന്നു.