കോഴിക്കോട്: വ്യാജ ഷെയർ ട്രേഡിംഗ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം വഴി കോഴിക്കോട് സ്വദേശിയിൽനിന്നു 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിലാണ് കേസില്‍ ഉള്‍പ്പെട്ട മൂന്നുപേരും പിടിയിലായത്.
മലപ്പുറം കാളികാവ് സ്വദേശിയായ സാബിക്കിനെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. കമ്മീഷൻ സ്വീകരിച്ചുകൊണ്ട് സാന്പത്തിക തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകുകയും അക്കൗണ്ടുകളിൽ എത്തുന്ന തുക പണമായി പിൻവലിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സാബിക്ക്.
മറ്റുപ്രതികളായ മുജീബ്, ജാബിറലി എന്നിവര്‍ ദിവസങ്ങള്‍ക്കു മുന്‍പു പിടിയിലായിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാബിക്കു പിടിയിലായത്.
സർവീസിൽ നിന്നു വിരമിച്ച് വിശ്രമജീവിത നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിംഗ് രംഗത്തു പരിചയവും പ്രാഗത്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ ട്രേഡിംഗ് സംബന്ധമായ ക്ലാസുകളും നിർദേശങ്ങളും നൽകി വിശ്വാസം പിടിച്ചുപറ്റിയാണ് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
പരാതിക്കാരനിൽ നിന്നു തട്ടിയെടുത്ത പണം ഇന്റർനെറ്റ് ബാങ്കിംഗ് വഴി മുജീബിന്റെ അക്കൗണ്ടിലേക്ക് എത്തുകയും അവിടെനിന്നു സാബിക്കും ജാബിറലിയും ചേർന്ന് ചെക്കുകൾ ഉപയോഗിച്ച് പിൻവലിക്കുകയുമായിരുന്നു.
കമ്മീഷൻ വാഗ്ദാനം ചെയ്തുകൊണ്ട് ബാങ്ക് അക്കൗണ്ടുകൾക്കായി വിദ്യാർഥികളെയും സാധാരണക്കാരെയും സാന്പത്തിക തട്ടിപ്പു സംഘങ്ങൾ ലക്ഷ്യമിടുന്നതായും ഇരയാക്കുന്നതായും വിവിധ ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പു കേസുകളുടെ അന്വേഷണങ്ങളിൽ വ്യക്തമാകുന്നതായി പോലീസ് അറിയിച്ചു.