ഷൊർണൂർ: ആഴങ്ങളിലെ അടിയൊഴുക്കുകൾ ഹൃദ്യസ്ഥമാക്കി ജീവൻ രക്ഷാ മേഖലയിൽ ഒരു കുടുംബം. രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ തോൽക്കുന്നിടത്ത് ഇവർ ജയിച്ച് കയറും.
ഇത് തിരുവേഗപ്പുറ പട്ടൻമാർതൊടി കുടുംബം. ഷെരീഫ് പൈലിപ്പുറ (55) ത്തിന്റെ നേതൃത്വത്തിലാണ് ഈ കുടുംബ രക്ഷക സംഘമുള്ളത്. മാന്നന്നൂരിലെ ഭാരതപുഴയിൽ കടുത്ത അടിയൊഴുക്കുകളെ അതിജീവിച്ച് രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചതും ഇവരായിരുന്നു.
എത്ര ഒഴുക്ക് കൂടിയ ആഴങ്ങളിലും ഇവർ അനായാസം നീന്തിയെത്തും. പോലീസ് ഫയർഫോഴ്സ് സംവിധാനങ്ങൾക്കും അവസാന ആശ്രയം ഇപ്പോൾ ഈ സംഘമാണ്. തിരുവേഗപുറ പട്ടൻമാർത്തൊടിയിൽ കുടുംബക്കാർ നാട്ടിലും ചിരപരിചിതരാണ്. നാട്ടിൽ എവിടെ അപകടങ്ങളുണ്ടായാലും രക്ഷാദൗത്യവുമായി ഇവർ ആദ്യം ഓടിയെത്തും.
ഹംസ പൈലിപ്പുറം (38) മക്കളായ പ്ലസ് ടു വിദ്യാർത്ഥി അജ്മൽ, പത്താം ക്ലാസ് വിദ്യാർത്ഥി അൻസിൽ എന്നിവർക്ക് പുഴയും, തോടും. കായലുമെല്ലാം കര പോലെ ഹൃദ്യസ്തമാണ്. ഭാരതപ്പുഴയിൽ നിന്നു കണ്ടെത്തിയ മാത്യു ഏബ്രഹാമിന്റെ മൃതദേഹവുമായി കരയിലെത്താൻ ഇവർ നീന്തിയത് 5 കിലോമീറ്ററോളം ദൂരമായിരുന്നു.
അതും പരിമിതമായ സുരക്ഷാ സംവിധാനങ്ങളുടെ മാത്രം പിൻബലത്തിൽ. ഇളം തലമുറക്കാരായ ഹംസയുടെ മക്കൾ, പ്ലസ്ടു വിദ്യാർഥി അജ്മലും, പത്താം ക്ലാസ് വിദ്യാർഥി അൻസിലും നിലയില്ലാകയത്തിൽ പയറ്റിതെളിഞ്ഞവരാണ്.ഇവരും സജീവമായി രക്ഷാപ്രവർത്തനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ പോകാറുണ്ട്.
വെള്ളത്തിലിറങ്ങിയുള്ള പ്രവൃത്തികൾക്ക് കാലി കന്നാസുകൾ കയർ കൊണ്ടു കെട്ടി നിർമിച്ച നാടൻ സുരക്ഷാ സംവിധാനമാണ് ഇവർക്കുള്ളത്. എത്ര ഒഴുക്കു കൂടിയ വെള്ളത്തിലും സാഹസികമായി നീന്താനും, വെള്ളത്തിനടിയിൽ ഉൗളിയിട്ടിറങ്ങി തെരച്ചിൽ നടത്താനും ജന്മസിദ്ധമായ കഴിവു ലഭിച്ചവരാണിവർ.
ഇതിനകം എത്ര സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന ചോദ്യത്തിന് മറുപടി പറയുക ഇവർക്ക് അസാധ്യമാണ്. കൈയ്യും കണക്കും ആര് സൂക്ഷിക്കാൻ…..തങ്ങളെ കൊണ്ട് കാര്യം നേടിയ ശേഷം ആളാവുന്ന ഉദ്യോഗസ്ഥൻമാർ ഏറെയാണന്ന് ഇവരുടെ സാക്ഷ്യപത്രം.
ജീവൻ പണയം വെച്ച് രക്ഷാദൗത്യം പൂർത്തിയാക്കി കഴിഞ്ഞാൽ പേരും പെരുമയും മറ്റ് ചിലർ കൊണ്ട് പോയാലും അതൊന്നും വിഷയമല്ലെന്ന് ഹംസയുടെ സാക്ഷ്യപത്രം. ഏത് നിമിഷവും ഇവരെ തേടി ഒരു ഫോണ് വിളിയെത്താം….. പിന്നെ ഒരു ഓട്ടമാണ്. വേലയും കൂലിയുമെല്ലാം പിന്നെ….. ഒരു ജീവനാണ് വലുത്.