മലയാളിയുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം

SharjahCricket

 

അജിത്ത് ജി. നായര്‍

മലയാളിയുടെ ക്രിക്കറ്റ് ഗൃഹാതുരതയില്‍ ഷാര്‍ജ എന്ന നാമം മറക്കാനാകും. എത്ര മഴയുള്ള രാത്രികളില്‍ ഈ മണലാരണ്യത്തില്‍ നടന്ന ആവേശപ്പോരാട്ടങ്ങള്‍ കണ്‍നിറയെ കണ്ടിട്ടുണ്ട്. പാക്കിസ്ഥാനും ഓസ്‌ട്രേലിയയ്ക്കുമെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കടലിരമ്പമായപ്പോള്‍ ആവേശം തീര്‍ക്കാന്‍ മലയാളികളുമുണ്ടായിരുന്നു ഗാലറിയില്‍.

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ഏതൊരു ഇന്ത്യക്കാരനും മറക്കാന്‍ കഴിയാത്ത ദിവസമാണ് 1998 ഏപ്രില്‍ 24. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കൊക്കക്കോള കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ അന്ന് കിരീടം ചൂടിയത്. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരിന്നിങ്‌സാണ് അവിടെ പിറന്നത്. ഡാമിയന്‍ ഫ്‌ളെമിങ്, ഷെയ്ന്‍ വോണ്‍, മൈക്കള്‍ കാസ്പറോവിച്ച് എന്നിവരടങ്ങിയ ലോകോത്തര ബൗളിംഗ് നിരയെ അടിച്ചൊതുക്കി സച്ചിന്‍ നേടിയ 134 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് അതിനും ഒന്നര ദശാബ്ദം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1982ലാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കി കളിക്കായി തൂറന്നു കൊടുക്കുന്നത്. എന്നാല്‍ ആദ്യ അന്താരാഷ്ട്ര മത്സരം നടക്കാന്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.1984 ഏപ്രില്‍ 6ന് നടന്ന പാകിസ്ഥാന്‍- ശ്രീലങ്ക മത്സരത്തിലൂടെ ഏകദിനത്തില്‍ ഹരിശ്രീ കുറിച്ച സ്റ്റേഡിയം ടെസ്റ്റ് ക്രിക്കറ്റിന് വേദിയായത് 2002 ഫെബ്രുവരി നാലിനാണ്. അന്നും ഒരറ്റത്ത് പാകിസ്ഥാനുണ്ടായിരുന്നു വിന്‍ഡീസായിരുന്നു എതിരാളികള്‍. 84ല്‍ നടന്ന ചരിത്രപരമായ ആദ്യ ഏകദിനത്തില്‍ പരാജയം രുചിച്ചെങ്കിലും പ്രഥമ ടെസ്റ്റില്‍ വിജയം പാകിസ്ഥാനൊപ്പം നിന്നു.
32 വര്‍ഷത്തിനിടെ 232 അന്താരാഷ്ട്ര ഏകദിനങ്ങള്‍ക്കാണ് സ്റ്റേഡിയം ആതിഥേയത്വം വഹിച്ചത്. എന്നാല്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ വെറും എട്ടു ടെസ്റ്റു മാത്രമേ ഷാര്‍ജയില്‍ നടന്നിട്ടുള്ളു. 16000 കാണികളെ ഉള്‍ക്കൊള്ളാന്‍ സ്‌റ്റേഡിയത്തിനു കഴിയും. പവലിയന്‍ എന്‍ഡ്്, ഷാര്‍ജാ ക്ലബ് എന്‍ഡ് എന്നിവയാണ് പ്രധാന പവലിയനുകള്‍.

2014ല്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്ഥാന്‍ നേടിയ 364 റണ്‍സാണ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍. അതേ പരമ്പരയില്‍ പാകിസ്ഥാനെതിരേ ന്യൂസിലന്‍ഡ് നേടിയ 690 റണ്‍സ് മികച്ച ടെസ്റ്റ്് സ്‌കോറുമായി. ഈ മത്സരത്തില്‍  202 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും ഉടമയായി. 2000ല്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ ഇന്ത്യയ്‌ക്കെതിരേ നേടിയ 189 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. പാകിസ്ഥാനെതിരേ 94 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാന്‍ഡ് താരം മാര്‍ക്ക് ക്രെയ്ഗിന്റെ പേരിലാണ് ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം.2014ല്‍ ആയിരുന്നു ഇത്. 2000ല്‍ നടന്ന  മത്സരത്തില്‍ 30 റണ്‍സ് വഴങ്ങി ഏഴ് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍ ഏകദിനത്തിലെ മികച്ച പ്രകടനം തന്റെ പേരിലാക്കി. ഏകദിനത്തില്‍ ഇന്‍സമാം ഉള്‍ ഹഖും(2464) ടെസ്റ്റില്‍ യൂനിസ് ഖാനും(552) റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.122 വിക്കറ്റുമായി വസിം അക്രം ഏകദിനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. 16 വിക്കറ്റ് നേടിയ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ടെസ്റ്റ് ബൗളര്‍മാരില്‍ മുമ്പന്‍.
2013 മാര്‍ച്ച്  മൂന്നിനാണ് ഇവിടെ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. സ്‌കോട്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 27 റണ്‍സിനു വിജയിച്ചു. ഇവിടെ നടന്ന 12 ട്വന്റി 20 മത്സരങ്ങളില്‍ 10ലും കളിച്ച അഫ്ഗാനിസ്ഥാനാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. അഫ്ഗാനിസ്ഥാന്‍ ഈ വര്‍ഷം സിംബാവെയ്‌ക്കെതിരേ നേടിയ 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Related posts