ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് യുവതിക്കും 23 കാരനായ സുഹൃത്തിനും നേരെ ആസിഡാക്രമണം. യുവതിയുടെ ഭര്‍ത്താവാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ പിടികൂടി. പ്രതി ശ്രീലങ്കന്‍ പൗരനാണ്.
രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഭാര്യ തന്നെ ചതിച്ചതിനാലാണ് അക്രമം നടത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വദേശമായ ശ്രീലങ്കയിലേക്ക് പോയ തന്നെ ഭാര്യ പറ്റിക്കുകയായിരുന്നു.
ഫെയ്‌സ്ബുക്കില്‍ ഭാര്യ മറ്റൊരു യുവാവിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെ ഇയാള്‍ ഷാര്‍ജയിലേക്ക് തിരിച്ചെത്തി. ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരുടെയും നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് അക്രമം നടത്തുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഭാര്യയെയും സുഹൃത്തിനെയും മോശമായ രീതിയില്‍ താന്‍ നേരില്‍ കണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു. അതേസമയം, യുവതിയും സുഹൃത്തും ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഇരുവരുടെയും മുഖത്തും ശരീരഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.