ഷാർജ: ഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ടവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. 20 വയസുമുതൽ 62 വയസു വരെയുള്ളവരാണു മോചിതരായത്. നാടുകടത്തൽ ശിക്ഷയിൽനിന്ന് എല്ലാവരും ഒഴിവായി. ഇന്നലെ രാവിലെ 10 ന് മോചിതരായവരിൽ ചിലർ ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്കു മടങ്ങി.ടാക്സി ഡ്രൈവറായി വന്ന സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 68 വയസുകാരനായ മുസ്തഫയും മോചിതനായി.
യുഎഇയിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താമെന്ന വ്യവസ്ഥയിലാണ് മോചനം. മോചിപ്പിക്കപ്പെട്ടവർക്ക് ഷാർജയിൽ ജോലിചെയ്യാനുള്ള തടസവും ഇല്ലാതാക്കിയിട്ടുണ്ട്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ വിദേശീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയിരുന്നു.