ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ ചൊല്ല്. അപ്പോൾപ്പിന്നെ ഒരു വർഷത്തിന്റെ തുടക്കം നല്ലതാവുകയാണെങ്കിൽ ബാക്കിയും അങ്ങനെതന്നെയാകുമല്ലോ എന്ന സന്തോഷത്തിലാണ് സൗത്ത് ഫ്ളോറിഡയിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ.
കടൽത്തീരത്തടിഞ്ഞ കൂറ്റൻ സ്രാവിനെ പിടിച്ചുകൊണ്ടായിരുന്നു മത്സ്യത്തൊഴിലാളികളു ടെ പുതുവർഷാരംഭം. അതോടെ ഈ വർഷം മുഴുവൻ തങ്ങളെത്തേടി ഐശ്വര്യം വരുമെന്ന പ്രതീക്ഷയിലാണ് ഇവർ. 13 അടി നീളവും ആയിരം പൗണ്ട് തൂക്കവുമുള്ള വെളുത്ത സ്രാവിനെയാണ് ബ്രോവാർഡ് തീരത്തിന് രണ്ടു മൈൽ അകലെ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ ദിവസം മയാമിക്കടുത്തുളള കിബിസ്കെയിനിന്റെ തെക്ക് ഭാഗത്തു മറ്റൊരു വലിയ വെള്ള സ്രാവിനെ കണ്ടെത്തിയിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പന്ത്രണ്ടടി നീളമുള്ള മത്സ്യത്തിന് മത്സ്യ ഗവേഷകർ അയണ്ബൗണ്ട് എന്നു പേരിട്ടു.
വടക്കു പടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിലെ 53-ാമത്തെ വലിയ വെളള സ്രാവിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആക്രമണ സ്വഭാവമുളള മത്സ്യമാണ് വലിയ വെളള സ്രാവ്. എന്നാൽ ആക്രമണ സ്വഭാവമുണ്ടെങ്കിലും അവ ദുർബലമായ ഒരു ഇനമാണ്. അവയുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ലോക വന്യജീവി ഫെഡറേഷൻ അഭിപ്രായപ്പെട്ടു.