ജിബിൻ കുര്യൻ
എല്ലാം ലൈവായ ഇക്കാലത്ത് കരിന്പ് ആട്ടി ജ്യൂസെടുത്ത് ശർക്കരയുണ്ടാക്കി വിൽക്കുന്നൊരു സ്ഥലമുണ്ട് കോട്ടയത്ത്. ശർക്കര ഉണ്ടാക്കുന്നതു നേരിൽ കണ്ടു വാങ്ങാൻ അവസരവും.
കിടങ്ങൂർ-അയർക്കുന്നം റോഡിൽ കല്ലിട്ടുനടയിലാണ് നാടൻ ശർക്കര നിർമാണം തത്സമയം നടക്കുന്നത്. ആറുമാനൂർ കുഞ്ചറക്കാട്ടിൽ ജോസ് കെ. ഏബ്രഹാം കഴിഞ്ഞ ആറു വർഷമായി ഇവിടെ നാടൻ ശർക്കര നിർമാണവും വിപണനവും നടത്തുന്നു.
അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ ജോലിയിൽനിന്നു വിരമിച്ചശേഷം കുടുംബകൃഷിയായ കരിന്പിലേക്കു തിരിയുകയായിരുന്നു.
തിരുവല്ലയിലെ സർക്കാർ കരിന്പു ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് കൃഷിക്കുള്ള കരിന്പിൻ തണ്ടുകൾ എത്തിക്കുന്നത്. സ്വന്തമായുള്ള എട്ടേക്കറിലും 16 ഏക്കർ പാട്ടഭൂമിയിലും കരിന്പു വിളഞ്ഞു നിൽക്കുകയാണ്. ഇവിടെ വർഷം മുഴുവൻ കരിന്പുകൃഷിയുണ്ട്, ശർക്കര ഉത്പാദനവും.
പ്രകൃതി സൗഹൃദ ശർക്കര നിർമാണം
മായമില്ലാതെ, പ്രകൃതിസൗഹൃദ രീതിയിലാണ് ഇവിടത്തെ ശർക്കര നിർമാണം. പാടത്തുനിന്നു വെട്ടിയെടുത്ത കരിന്പിൻ തണ്ടുകൾ ആദ്യം ചക്കിലാട്ടി ജ്യൂസാക്കുന്നു. ഇതു തിളപ്പിച്ചാണ് ശർക്കരയുണ്ടാകുന്നത്. ഇതിനായി ആദ്യം വലിയ ചെന്പിൽ ജ്യൂസ് ഒഴിക്കുന്നു. പിന്നീടിതു തളിപ്പിച്ചു വറ്റിക്കുന്നു. 100 ലിറ്റർ ജൂസ് ശർക്കരയാകാൻ നാലു മണിക്കൂറോളം വേണ്ടിവരും.
ജ്യൂസെടുത്തശേഷമുള്ള കരിന്പിൻ ചണ്ടികളും വിറകുമാണ് തിളപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. വറ്റിച്ചെടുത്ത ജ്യൂസ് തടി മരവിയിലേക്ക് ഒഴിച്ച് അരമണിക്കൂർ നല്ലതുപോലെ ഇളിക്കണം. പിന്നെ ചെറു ചൂടോടെ ഉരുട്ടിയെടുത്താൽ ശർക്കര റെഡി.
ഒരു ഉരുള 100 ഗ്രാം എന്നതാണ് കണക്ക്. കിലോയ്ക്ക് 160 രൂപയ്ക്കാണു വിൽപന. ജീരകം, ഏലയ്ക്ക, ചുക്ക് എന്നിവ ചേർത്ത് മൂല്യവർധിത ഉത്പന്നമായും വിൽക്കുന്നുണ്ട്. ഇതിന് 200 രൂപയാണ് വില. ഒരു ദിവസം 200 കിലോ ശർക്കരയാണ് ഇവിടെയുണ്ടാക്കുന്നത്.
ആറുമാനൂർ ശർക്കര അതിർത്തികൾക്കപ്പുറം
ആറുമാനൂർ ശർക്കര പണ്ടു മുതലേ പ്രശസ്തമാണ്. വിവിധ പ്രദേശങ്ങളിൽനിന്നു ധാരാളമാളുകളാണ് ശർക്കര നിർമാണം കാണുന്നതിനും വാങ്ങുന്നതിനുമായി ദിവസവും ഇവിടെത്തുന്നത്. കരിന്പുകൃഷിക്കു ഏറ്റവും അനുയോജ്യമാണ് കേരളം.
ശർക്കരയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്നും ജോസ് പറയുന്നു. ദൂരസ്ഥലങ്ങളിൽനിന്നുള്ള ആവശ്യക്കാർക്ക് കൊറിയറിലും ശർക്കര എത്തിക്കുന്നുണ്ട്. ഭാര്യ റോസമ്മ, മക്കളായ നെവിൽ, ബാസ്റ്റിൻ തുടങ്ങിയവരും ഏതാനും തൊഴിലാളികളും ജോസിനൊപ്പം ശർക്കര നിർമാണത്തിൽ സഹായത്തിനുണ്ട്.
ജോസ് കുഞ്ചറക്കാട്ടിൽ – 9447660614