കോവിഡ് 19 മഹാമാരി ലോകമെങ്ങും താണ്ഡവമാടുന്നു. മറുവശത്ത് വാക് സിൻ കണ്ടുപിടിക്കാൻ ലോക രാജ്യങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിനിടയിൽ കടലിൽ കഴിയുന്ന പാവം സ്രാവുകൾ എന്തു പിഴച്ചു?
ഇതിനുത്തരം ഇങ്ങനെ-
വാക്സിൻ പരീക്ഷണം ശക്തമായി തുടരുന്പോഴാണ് സ്രാവുകൾക്കു ഭീഷണി ഉയർത്തി ഒരു കണ്ടെത്തൽ ശാസ്ത്രജ്ഞൻമാർ നടത്തിയിരിക്കുന്നത്.
മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ ശക്തിപ്പെടുത്തുന്നതിൽ സ്രാവുകളുടെ കരളിൽ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയായ സ്ക്വാലെനിനു നല്ല കഴിവുണ്ടത്രേ.
ഈ എണ്ണ വാക്സിനിൽ ഉപയോഗിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നായി മാറാൻ പോകുകയാണെന്നാണ് സൂചനകൾ വരുന്നത്. അങ്ങനെ വന്നാൽ വരാനിരിക്കുന്നതു സ്രാവ് വേട്ടയുടെ കാലമാണെന്നു വിദഗ്ധർ ആശങ്കപ്പെടുന്നു.
നിലവിൽ ചർമസംരക്ഷണവുമായി ബന്ധപ്പെട്ട ചില മരുന്നുകളും മറ്റും ഉത്പാദിപ്പിക്കാൻ സ്രാവുകളുടെ എണ്ണ ഉപയോഗിച്ചു വരുന്നുണ്ട്.
ഇതിന്റെ പേരിൽതന്നെ ലോകത്തു രഹസ്യമായും അല്ലാതെയുമൊക്കെ നിരവധി സ്രാവുകൾ വേട്ടയാടപ്പെടുന്നുണ്ട്. ഇങ്ങനെയുള്ളപ്പോഴാണ് ഇനി കോവിഡ് വാക്സിനു വേണ്ടിയും സ്രാവുകൾ വേട്ടയാടപ്പെടാൻ പോകുന്നത്.
സ്രാവിന്റെ എണ്ണ വാക്സിനിൽ നിർബന്ധ ഘടകമായാൽ ലോകമെങ്ങുമുള്ള ജനങ്ങൾക്കു രണ്ടു ഡോസ് വാക്സിൻ നൽകിയാൽ തന്നെ അഞ്ചുലക്ഷത്തിനടുത്തു സ്രാവുകൾ വേട്ടയാടപ്പെടുമെന്നാണ് പ്രകൃതി സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും സ്രാവ് വേട്ട ഉണ്ടാ വാതിരിക്കാൻ ചില പൊടിക്കൈകൾ കണ്ടെത്താനും ശാസ്ത്രജ്ഞന്മാർ ശ്രമിക്കുന്നുണ്ടെന്നാണ് അണിയറയിലെ വിവരം.
സ്ക്വാലെനിനു പകരം നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തിയാൽ സ്രാവ് വേട്ട ഇല്ലാതാക്കാമെന്ന് അവർ കണക്കുകൂട്ടുന്നു.
-നിയാസ് മുസ്തഫ