ഗിരീഷ് പരുത്തിമഠം
അവധൂത് ഷിൻഡെയുടെയും ഭാര്യ ശർമ്മിള ഷിൻഡെയുടെയും ജീവിതത്തിൽ ഇക്കഴിഞ്ഞ മേയ് 16 ന് രാത്രി എന്താണ് സംഭവിച്ചത്…?
സ്വന്തം ഫ്ളാറ്റിൽ അഴുകാറായ നിലയിൽ കണ്ടെത്തിയ ശർമ്മിളയുടെ മരണത്തിനു പിറകിലെ ദുരൂഹതയുടെ ചുരുൾ എങ്ങനെയാണ് അഴിക്കുക…?
രണ്ടു മക്കളുമായി നാടു വിട്ട അവധൂത് ഷിൻഡെ നിലവിൽ ഏത് ഒളിത്താവളത്തിലാണ്…?
ശർമ്മിള ഷിൻഡെയുടെ അസ്വാഭാവിക മരണത്തിന് നാളെ ഒരു മാസം തികയും… ഇന്റർപോളിന്റെയും മുംബൈ പോലീസിന്റെയുമൊക്കെ സഹായത്തോടെ ഡച്ച് പോലീസ് എത്രയും വേഗം ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടുപിടിക്കാനുള്ള സാഹസിക ഉദ്യമം തുടരുന്നു…
മാനേജരുടെ തിരോധാനം അന്വേഷിച്ചു; കിട്ടിയത് ഭാര്യയുടെ മൃതദേഹം
നെതർലന്ഡ്സിലെ ഹേഗ് ആസ്ഥാനമായ ഷിപ്പിംഗ് ലോഗിസ്റ്റിക്സ് കന്പനിയിലെ മാനേജരാണ് അവധൂത് ഷിൻഡെ. ഇക്കഴിഞ്ഞ മാസം 20 ന് അവധൂതിനെ കാണാനില്ലെന്ന് കന്പനി അധികൃതർ പോലീസിന് പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹേഗിനു സമീപത്തെ റാസ്പബെറി സ്ട്രീറ്റിലെ അവധൂതിന്റെ ഫ്ളാറ്റിലെത്തി.
വാതിൽ ബലം പ്രയോഗിച്ച് തുറന്ന് ചെന്നപ്പോൾ കണ്ടതോ, മൂന്നുനാലു ദിവസം പഴക്കമുള്ള ശർമ്മിള ഷിൻഡെയുടെ മൃതദേഹം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശർമ്മിളയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറയപ്പെടുന്നു. പക്ഷെ, ഈ ഹൃദയാഘാതം ഏതെങ്കിലും വിധത്തിലുള്ള അക്രമത്തിനു വിധേയയായതിനാൽ സംഭവിച്ചതാണോയെന്നും സംശയിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
രണ്ടു മക്കളുമായി അവധൂത് അപ്രത്യക്ഷനായത് പോലീസിന്റെ ഈ സംശയത്തെ ബലപ്പെടുത്തുന്നുമുണ്ട്. അവധൂതിനെ കിട്ടിയാൽ മാത്രമേ അന്നത്തെ സംഭവങ്ങളുടെ നിജസ്ഥിതി അറിയാനാവൂ. ഹേഗിൽ നിന്നും അവധൂത് നേരേ മുംബൈയിലേക്ക് കടന്നുവെന്നാണ് ഡച്ച് പോലീസിന് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ ഇന്റർപോളിന്റെയും മുംബൈ പോലീസിന്റെയും സഹായം ഡച്ച് പോലീസ് തേടിക്കഴിഞ്ഞു.
അവിശ്വസനീയമെന്ന് അയൽക്കാരും ബന്ധുമിത്രാദികളും
ശർമ്മിളയുടെ ദുരൂഹമരണവും അവധൂതിന്റെ തിരോധാനവുമൊന്നും ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് അവരുടെ പൂനെയിലെ അയൽവാസികളും ഇരുവരുടെയും ബന്ധുമിത്രാദികളും. മറ്റുള്ളവർക്ക് അസൂയ തോന്നുന്ന വിധത്തിലുള്ള സ്നേഹമായിരുന്നു ഈ ദന്പതികൾ തമ്മിൽ… പൂനെ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയായ അവധൂത് പതിനഞ്ച് വർഷം മുന്പാണ് ശർമ്മിളയെ വിവാഹം ചെയ്തത്.
പോവായ് യിലെ ഒരു കന്പനിയിൽ സഹപ്രവർത്തകരായിരിക്കെ പരസ്പരം ഇഷ്ടപ്പെട്ടായിരുന്നു വിവാഹം. ഡെൻമാർക്കിൽ കുറച്ചു കാലം ചെലവഴിച്ചതിനു ശേഷം ഇരുവരും പൂനെയിൽ വന്നു. പൂനെയിലെ ഒരു സംസ്കൃത സ്കൂളിലെ പ്രീ- പ്രൈമറി വിഭാഗത്തിൽ ശർമ്മിള അധ്യാപികയായി സേവനം അനുഷ്ഠിച്ചു. അവധൂത് -ശർമ്മിള ദന്പതികളുടെ രണ്ടു മക്കളും ആ സ്കൂളിലാണ് പഠിച്ചിരുന്നത്.
അവിടത്തെ ഹൗസിംഗ് കോംപ്ലക്സിൽ അധികം വൈകാതെ തന്നെ ഈ കുടുംബം എല്ലാപേർക്കും പ്രിയപ്പെട്ടതായി മാറി. ഇരുവരും ഒരുമിച്ച് രാവിലെ ജോഗിംഗിന് പോകാറുള്ളതും തെരുവു നായ്ക്കളെ പോലും അവധൂത് കാരുണ്യത്തോടെ പരിപാലിക്കുന്നതുമൊക്കെ അയൽവാസികൾ ചൂണ്ടിക്കാട്ടി. അവധൂതിന് ലഭിച്ച മികച്ച ജോലിയുടെയും ഇരട്ടകളായ മക്കളുടെ ശോഭനമായ ഭാവിയുടെയും സ്വപ്നങ്ങളുമായി ശർമ്മിള അവരോടൊപ്പം ആംസ്റ്റർഡാമിലേയ്ക്ക് ചേക്കേറുകയായിരുന്നു.
ജീവിതത്തിൽ എന്തെങ്കിലും വിധത്തിലുള്ള സങ്കടങ്ങളോ വിഷമങ്ങളോ ഉണ്ടായിരുന്നതായി ശർമ്മിള പറഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ ആവർത്തിച്ചു. പൂനെയിൽ നിന്നും ഒരാഴ്ചയേ ആയുള്ളൂ നെതർലാൻഡിലെത്തിയിട്ടെന്നും അവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് നൽകിയിട്ടില്ലെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
ദിവസവും ശർമ്മിള അമ്മയുമായി വാട്സ് ആപ്പിൽ വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായിരുന്നു. മേയ് 14 ന് പതിവു പോലെ അമ്മയുമായി സംസാരിച്ചു. 16 ന് രാത്രി 9.26 നാണ് ഏറ്റവും ഒടുവിലായി ശർമ്മിളയുടെ സന്ദേശം അമ്മയ്ക്ക് കിട്ടിയത്.
ശർമ്മിളയുടെ മൃതശരീരം അഴുകാറായ നിലയിലായിരുന്നുവെങ്കിലും മുഖത്ത് വലിയ വ്യത്യാസങ്ങൾ സംഭവിച്ചിട്ടില്ലായിരുന്നു. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മുംബൈയിലെത്തിച്ചാണ് മൃതദേഹം സംസ്കരിച്ചത്. ശർമ്മിളയുടെ പിതാവ് നേരത്തെ മരണമടഞ്ഞു. മകളുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നു മാതാവ് ഇതുവരെയും മോചിതയായിട്ടില്ല.
മേയ് 18 ന് കുഞ്ഞുങ്ങളുമായി മുംബൈയിലെത്തിയ അവധൂത് അന്ന് തന്നെ അവിടെ നിന്നും മുങ്ങി. അവധൂതിന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് അവരിപ്പോൾ കഴിയുന്നത്. അച്ഛനാണ് തങ്ങളെ കൊണ്ടുവന്നതെന്നും അമ്മ വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പിന്നീട് എത്തിക്കോളുമെന്ന് അച്ഛൻ മറുപടി നൽകിയെന്നും അവർ പറഞ്ഞതായി പോലീസ് അറിയിച്ചു.
തെരച്ചിൽ ഉൗർജിതം, പക്ഷെ…
വിവിധ ടീമുകൾ രൂപീകരിച്ച് പോലീസ് അവധൂതിനു വേണ്ടിയുള്ള തെരച്ചിൽ കാര്യക്ഷമമായി തന്നെ തുടരുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ അവധൂതിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അവധൂത് ഇന്ത്യയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുള്ള വിവരം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് ഡിപ്പോ എന്നിങ്ങനെ എല്ലായിടത്തും പോലീസിന്റെ നിരീക്ഷണമുണ്ട്.
എന്തായാലും അവധൂത് പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷിക്കുന്നു. ശർമ്മിളയുടെ മരണത്തിനു ശേഷം അവധൂതിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. തന്റെ രഹസ്യ യാത്രയിൽ മൊബൈൽ ഫോണ് പോലും അവധൂത് ഉപയോഗിക്കുന്നില്ല. പോലീസിനെ സംബന്ധിച്ചിടത്തോളം ഇത് വല്ലാതെ കുഴയ്ക്കുന്നുണ്ട്.
പക്ഷെ, വിവിധ നന്പരുകളിൽ നിന്നായി അവധൂത് മക്കളുടെ വിശേഷങ്ങൾ അറിയാനായി കുടുംബാംഗങ്ങളെ പല തവണ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ശർമ്മിളയുടെ മാതാവിനെയോ സഹോദരങ്ങളെയോ ഒന്നും ബന്ധപ്പെട്ടിട്ടുമില്ല. പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളുമൊക്കെ സന്ദർശിക്കാൻ ഏറെ തത്പരനാണ് അവധൂത് .
കഴിഞ്ഞ ദിവസം ഷിർദ്ദി, സോലാപൂർ, രത്നഗിരി, കോൽഹാപൂർ എന്നിവിടങ്ങളിലെ ചില പ്രമുഖ ദേവാലയങ്ങളുടെ പരിസരത്ത് ഇയാളെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശർമ്മിളയുടെ കുടുംബത്തെ സഹായിക്കാൻ അവധൂതിന്റെ കന്പനി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും അയാളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ശർമ്മിള പൂനെയിൽ അധ്യാപികയായിരുന്ന സ്കൂൾ അധികൃതർ ഇരട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ ചെലവുകൾ നിർവഹിക്കാമെന്നും ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.