കൂത്തുപറമ്പ്: ലക്ഷങ്ങൾ മുടക്കി പലരും ആഢംബര ബസുകൾ നിരത്തിലിറക്കുമ്പോൾ പാനൂർ മൊകേരിയിലെ കുനിയിൽ വീട്ടിൽ പവിത്രൻ-ഷീബ ദമ്പതികളുടെ മകൻ ഷാരോണിന് ബസ് നിർമിക്കാൻ വേണ്ട ചെലവ് വെറും നൂറ് രൂപയ്ക്ക് താഴെ മാത്രം. നിർമാണ കലയിലെ അഭിരുചിയിലൂടെ മറ്റുള്ളവരെ അമ്പരിപ്പിക്കുകയാണ് ഈ പതിമൂന്നു വയസുകാരൻ.
കുഞ്ഞു നാളിൽ കളിമണ്ണ് കൊണ്ട് ആനയെ ഉണ്ടാക്കിയപ്പോൾ കരകൗശല രംഗത്ത് തന്റെ അഭിരുചി എത്രത്തോളമുണ്ടെന്ന വിളംബരം കൂടിയായി അത്. ഇതിലൂടെ ഷാരോണിലെ കലാ പ്രതിഭയെ തിരിച്ചറിഞ്ഞതോടെ പഠിത്തത്തോടൊപ്പം അവന്റെ കഴിവ് പ്രകടമാക്കാൻ അച്ഛൻ പവിത്രനും അമ്മ ഷീബയും ഷാരോണിന്റെ കളിക്കൂട്ടുകാരായി.
ചെറുപ്പം മുതലേ ബസുകളോട് വല്ലാതൊരു ഇഷ്ടമായിരുന്നു ഷാരോണിന്. അങ്ങനെയാണ് ബസ് നിർമിക്കാൻ തീരുമാനിച്ചത്. ശില്പങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണത്തെക്കുറിച്ചുള്ള വീഡിയോ കണ്ട് മനസിലെ സംശയങ്ങൾ ദൂരീകരിച്ചു.
നിർമാണത്തിനു വേണ്ട ഹാർഡ് ബോർഡ്, തെർമോക്കോൾ, ഇലക്ട്രിക് മോട്ടോർ, പാഴ് വസ്തുക്കൾ തുടങ്ങിയവയൊക്കെ അച്ഛൻ പവിത്രൻ ശേഖരിച്ചു നല്കി. ഇടയ്ക്കുള്ള സംശയം തീർക്കാൻ റോഡരികിൽ നിർത്തിയിടാറുള്ള ബസിൽ കയറി സൂക്ഷ്മപരിശോധനയിലൂടെ ഉറപ്പു വരുത്തി.
നാലഞ്ചു ദിവസം കൊണ്ട് പെയിന്റിംഗും അലങ്കാര ലൈറ്റടക്കം ഫിറ്റ് ചെയ്ത് ബസ് റെഡിയായി.ഇതോടെ വലിയൊരു ആഗ്രഹ സാക്ഷാത്കാരത്തിന്റെ നിറവിലാണിന്ന് ഷാരോൺ. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ ഷാരോൺ വരാനിരിക്കുന്ന സ്കൂൾ ശാസ്ത്രമേളകളിൽ പങ്കെടുത്ത് തന്റെ കഴിവ് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ്.