തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാകും ഉചിതമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി.
ഇതോടെ ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാൻ സാധ്യതയേറി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ വിലയിരുത്തൽ.
ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് എജിയുടെ നിയമോപദേശം. കുറ്റകൃത്യം തമിഴ്നാട്ടിൽ നടക്കുകയും ഷാരോണിന്റെ മരണം കേരളത്തിൽ സംഭവിക്കുകയുമാണുണ്ടായത്.
കേരള പൊലീസിന്റെ അന്വേഷണത്തിന് നിയമതടസമില്ലെങ്കിലും ഒരേ സമയം കേരളാ തമിഴ്നാട് പൊലീസുകളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നും എജിയുടെ നിയമോപദേശത്തിൽ പറയുന്നു.
തമിഴിനാട്ടിൽ തെളിവെടുപ്പ്
ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.
അതേ സമയം ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
പാറശാല സ്വദേശിയായ ഷാരോൺ രാജ് ഒക്ടോബർ 25നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്.