പാറശാല: ജ്യൂസ് കഴിച്ച് അവശനിലയിലായി ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ വീട്ടുകാർ ഡിജിപിക്കു പരാതി നൽകും.
കേസന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
പാറശാല മുരിയങ്കര സമുദായപറ്റൂ കുഴിവിള ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ സ്വകാര്യ കോളേജിലെ റേഡിയോളജി അവസാന വർഷ വിദ്യാർഥിയുമായ ഷാരോൺ രാജ് (22 ) ആണ് മരിച്ചത്.
കോളേജിലെ റെക്കോർഡ് വാങ്ങാനായിസുഹൃത്തുമൊത്തു കഴിഞ്ഞ 14 നാണു ഷാരോൺ സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് .
അവിടെ വച്ച് ഷാരോണിന് കഷായം പോലൊരു ദ്രാവകവും ഫ്രൂട്ടിയും കുടിക്കാന്‍ നല്കി. ഇത് കുടിച്ചതു മുതല്‍ ഷാരോണിന് ദേഹാസസ്ഥത ഉണ്ടായി.
ഛർദിച്ചുകൊണ്ട്പുറത്തുവന്ന ഷാരോണിനെ സുഹൃത്ത് വീട്ടിൽ എത്തിച്ചു. തുടര്‍ന്ന് പാറശാല ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സതേടിയിരുന്നു. പിന്നീട് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതിനിടെ സംഭവത്തിന് ശേഷം പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണം വീട്ടുകാർ പുറത്തുവിട്ടു.
അതിൽ കഷായം കുടിച്ചതായും അതിനുശേഷം ഫ്രൂട്ടി കുടിച്ചതായും പറയുന്നു. തൻകുടിച്ചകഷായമാണ് കുടിച്ചതെന്നും മറ്റൊന്നും കലർത്തിയിട്ടില്ലന്നും പെൺകുട്ടി പറയുന്നു.
അതിനിടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം പെൺകുട്ടി നിഷേധിച്ചു.ഷാരോൺ രാജിനെ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി ഒരു ചാനലിനോടു പറഞ്ഞു.
ഷാരോണിന്റെ അച്ഛൻ നൽകിയ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.