വടക്കഞ്ചേരി: എട്ടാം ക്ലാസുകാരൻ ഷാരോണ്‍ ഒരിക്കൽക്കൂടി നിശബ്ദനായി സ്കൂൾ ഗേറ്റ് കടന്നെത്തി.
പ്രധാനാധ്യാപകൻ ജോജി ഡേവിഡും മറ്റും ഷാരോണിന്റെ ചേതനയറ്റ ശരീരം താങ്ങിപിടിച്ച്..
ജീവിച്ചു തുടങ്ങും മുന്‍പേ പറന്നകന്ന ഷാരോണിനെ അവസാനമായി ഒരുനോക്കു കാണാൻ ഇതിനകം സ്കൂൾ ഒന്നടങ്കം ഒഴുകിയെത്തിയിരുന്നു.
പ്രിയപ്പെട്ട കൂട്ടുകാരൻ നിശ്ചലനായി കിടക്കുന്നത് കണ്ട് പലരുടെയും കണ്ണുനിറഞ്ഞു. ക്ലാസ് ടീച്ചർ ആര്യക്ക് സങ്കടം ഒതുക്കാനാവില്ല.
എട്ടാം ക്ലാസ് മുതലുള്ള സ്കൂളിൽ ഈ വർഷമാണ് ഷാരോണ്‍ ചേർന്നത്. പുതിയ സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെട്ട് പുതിയ കൂട്ടുകാരെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഷാരോണ്‍ ദിവസവും സ്കൂളിലെത്തിയിരുന്നത്.
ഷാരോണിന്റെ മൂകമായ അന്ത്യയാത്ര കൂട്ടുകാർക്കും വലിയ നൊന്പരമായി. സ്കൂൾ മാനേജർ കൂടിയായ പള്ളി വികാരി ഫാ. ജോബി കാച്ചപ്പിള്ളി ഷാരോണിനു വേണ്ടി പ്രാർഥന നടത്തി.
പോസ്റ്റ്മോർട്ടത്തിനുശേഷം തൃശൂരിൽനിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം പന്തലാംപാടം നിത്യസഹായമാതാ പള്ളിയിൽ കൊണ്ടുവന്നത്.
ദേവാലയത്തിലായിരുന്നു അധ്യാപകർക്കും കുട്ടികൾക്കും മൃതദേഹം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
തുടർന്ന് കണക്കൻതുരുത്തിക്കടുത്തുള്ള പല്ലാറോഡിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി.
വീടിന്റെ പ്രതീക്ഷയായിരുന്ന പൊന്നു മകന്റെ മൃതദേഹം വീട്ടിൽ എത്തിച്ചതോടെ തേങ്ങലുകൾ കൂട്ടക്കരച്ചിലായി മാറി.
അപകടം വരുത്തിവച്ച കരാർ കന്പനിക്കെതിരെയും ജനരോഷമുയർന്നു. വൈകീട്ടോടെ മൃതദേഹം ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരം നടത്തി.