നെയ്യാറ്റിൻകര: കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.
ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായരേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
വിധി പ്രസ്താവനയിൽ കേരള പോലീസിനെ കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. 586 പേജുള്ള വിധിപ്രസ്താവമാണുള്ളത്.
വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു.
ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.
11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി
കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനായാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കാമുകനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തിയെന്ന കണ്ടെത്തല്‍ കോടതി അംഗീകരിച്ചാണ് വിധി.
കേസിനാസ്പദമായ കഷായം സംഭവം 2022 ഒക്ടോബര്‍ 14 നായിരുന്നു. അമ്മ സിന്ധു കുടിക്കുന്ന കഷായത്തിൽ കാപിക്ക് എന്ന മാരക വിഷം കലർത്തിയ ശേഷം ഗ്രീഷ്മ കുടിപ്പിച്ചുവെന്നാണ് കേസ്. വിഷം കലർത്തിയ കഷായം കുടിച്ച ഷാരോൺ രാജ് പതിനൊന്നു ദിവസം കഴിഞ്ഞ് മെഡിക്കൽ കോളജിൽവച്ച് മരിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന ശില്പ രൂപീകരിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.