കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനാ ഫലം കാത്ത് എന്‍ഐഎ.
ഷാറൂഖിന്റെ ഷഹീന് ബാഗിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായി എന്‍ഐഎ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പത്തിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നും ഫോണ്‍ രേഖകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതേസമയം, ഷാറൂഖിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ചോദ്യം ചെയ്യലില്‍നിന്നും ഫോണ്‍ രേഖകളില്‍നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദില്ലിയില്‍ പത്തിടത്ത് എന്‍ഐഎ സംഘം പരിശോധന നടത്തിയത്.
ആദ്യ ഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ കോഴിക്കോടും കണ്ണൂരും എന്‍ഐഎ പരിശോധന നടന്നിരുന്നു.