എല്ലാവർഷവും ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽഅദ്ദേഹത്തെക്കാണാൻ ആരാധകർ മുംബൈയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്താറുണ്ട്. തടിച്ചുകൂടുന്ന ആരാധകരെ അഭിവാദ്യം ചെയ്ത് അവരുടെ പിറന്നാൾ ആശംസകൾക്ക് കിംഗ് ഖാൻ നന്ദി അറിയിക്കാറുമുണ്ട്.
പതിവുപോലെ ഇത്തവണയും ഇതൊക്കെ നടന്നു.വന്നവരൊക്കെ തിക്കിത്തിരക്കി തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ ഫോട്ടോയും എടുത്തു. പക്ഷെ പലരും വീട്ടിലെത്തി ചിത്രങ്ങൾ വീട്ടുകാരെ കാണിക്കാൻ ഫോണ് തപ്പിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. തങ്ങളുടെ ഫോണുകൾ മോഷണം പോയിരിക്കുന്നു. ഷാരുഖിന്റെ വസതിക്കടുത്തുള്ള ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ഇതുവരെ 13 ഫോണ് മോഷണ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്.
ഷാരൂഖിനോടുള്ള ആരാധന മൂത്ത് ഛത്തിസ്ഖഢിൽനിന്നെത്തിയ അൻകിത എന്ന 26 കാരിയുടെ മൊബൈലും മോഷണം പോയിരുന്നു. ഇതേ തുടർന്ന് ഫോണ്കിട്ടിയാലേ തിരിച്ചുപോകു എന്നുപറഞ്ഞ് ഇവർ ഷാരൂഖിന്റെ വീടിന്റെ മുന്പിൽ കുത്തിയിരുന്നത് പോലീസിന് കൂടുതൽ തലവേദന സൃഷ്ടിച്ചു. ഒടുവിൽ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇവർ വീട്ടിൽ പോകാൻ തയാറായത്.