ഇന്ന് മലയാള സിനിമയിലേക്ക് മറ്റു ഭാഷകളിലെ താരങ്ങൾ കടന്നുവരുന്നുണ്ട്. ഇതാ ഇവിടെ ഇപ്പോൾ ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ മലയാള സിനിമയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. മലയാളത്തിൽ അഭിനയിക്കുന്നത് ഒരു ബഹുമതി ലഭിക്കുന്നതിന് തുല്യമാണെന്നാണ് താരത്തിന്റെ അഭിപ്രായം. അവസരം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കുമെന്ന് താരം മുന്പുതന്നെ വ്യക്തമാക്കിയിട്ടുളളതാണ്. താരത്തിന്റെ മലയാളത്തിലേക്കുളള രംഗപ്രവേശം ആഗ്രഹിക്കുന്ന ആരാധകർ ഇതോടെ കൂടുതൽ സന്തോഷവാന്മാരായിരിക്കുകയാണ്.
പുതിയ ചിത്രമായ റായീസിന്റെ പ്രചാരണ വേളയിലാണ് കിംഗ് ഖാൻ മലയാള സിനിമയെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ദേശീയഗാന വിവാദവും ദംഗൽ അഭിനേത്രിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചുമൊക്കെ ഷാരൂഖ് നിലപാട് വ്യക്തമാക്കി. തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന ഉത്തരവിനെ ഏറെ ആദരവോടെയാണ് കിംഗ് ഖാൻ കാണുന്നത്. തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്പോൾ എഴുന്നേറ്റ് നിൽക്കുന്നതിൽ തെറ്റില്ലെന്നും സൂപ്പർതാരം വ്യക്തമാക്കി. ആമിർഖാൻ ചിത്രമായ ദംഗൽ പോലെയുള്ള ചിത്രങ്ങൾ ഇനിയും സംഭവിക്കണം. ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു.