താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റയീസ് കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഈ അവസരത്തിൽ റെയിൽവേ പോലീസിന്റെ വകയായി താരത്തിന്റെ പേരിൽ ഒരു കേസുമായി. കോട്ട റെയിൽവേ സ്റ്റേഷനിലെ പൊതുസ്വത്ത് നശിപ്പിച്ചതിനും കലഹമുണ്ടാക്കിയതിനും, റയിൽവേ ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരേ റെയിൽവേ പോലീസ് കേസെടുത്തത്.
റയീസ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ക്രാന്തി എക്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യവേ ജനുവരി 24 ന് കോട്ട റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ട റയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരനായ വിക്രം സിങ് (32) ആണ് കിംഗ് ഖാനെതിരെ പരാതി നൽകിയത്. ട്രെയിൻ ജനുവരി 24 ന് വെളുപ്പിന് കോട്ട സ്റ്റേഷനിലെത്തിയ സമയം ആയിരക്കണക്കിനാളുകൾ ഷാരൂഖ് ഖാനെ കാണാൻ സ്റ്റേഷനിൽ തടിച്ചുകൂടി ബഹളംവെച്ചു.
എന്നാൽ താരം ട്രെയിനിൽ നിന്നും ഇറങ്ങാതെ കൈ വീശിക്കാണിക്കുകയും പല തരം സമ്മാനങ്ങൾ ആരാധകർക്കായി എറിഞ്ഞു കൊടുക്കുകയും ചെയ്തു. ഇത് ആരാധകർക്കിടയിൽ തിക്കും തിരക്കും കൂട്ടയോട്ടവും സൃഷ്ടിക്കാൻ കാരണമായി. തുടർന്ന് റെയിൽവേ ജീവനക്കാരുടെ ജോലി തടസപ്പെടുകയും യാത്രക്കാർക്ക് അസൗകര്യം അനുഭവപ്പെടുകയും ചെയ്തു. മാത്രവുമല്ല തന്റെ കച്ചവട സ്ഥാപനത്തിന് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചതായും വിക്രം സിങ് പരാതിയിൽ പറയുന്നു.