കഥാപാത്രങ്ങൾക്കായി മേക്ക് ഓവർ നടത്തുന്നത് സിനിമയിൽ സാധാരണ സംഭവമാണ്. ഒടിയനാകാൻ മോഹൻലാൽ നടത്തിയ മേക്ക് ഓവർ കണ്ട മലയാളികളുടെ അദ്ഭുതം ഇതുവരെ മാറിയിട്ടില്ല. അപ്പോഴാണ് അങ്ങ് ബോളിവുഡിൽനിന്നും ഒരു മേക്ക് ഓവർ വരുന്നത്. സാക്ഷാൽ കിംഗ് ഖാനാണ് അവിടെ താരം. സീറോ എന്ന സിനിമയ്ക്കായി കുള്ളന്റെ രൂപത്തിലാണ് ഷാരുഖ് ഖാൻ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ ടീസർ കണ്ടത്. ടീസറിൽ ഷാരൂഖിന് പൊക്കം കുറഞ്ഞെങ്കിലും ഗ്ലാമറിന് കുറവൊന്നും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ കത്രീന കെയ്ഫും അനുഷ്ക ശർമയുമാണ് നായികമാരായി അഭിനയിക്കുന്നത്. 2018 ഡിസംബർ 21 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
അതിനിടെ സൽമാൻ ഖാൻ, റാണി മുഖർജി, കജോൾ, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂർ, ജൂഹി ചൗള എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുമെന്നാണ് മറ്റ് റിപ്പോർട്ടുകൾ.