കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖിനെതിരേ കേരള പോലീസ് യുഎപിഎ ചുമത്തിയത് കേസില്‍ അന്തര്‍സംസ്ഥാന ബന്ധം ബോധ്യപ്പെട്ടതിനാല്‍.
സംസ്ഥാനത്തിനു പുറത്ത് വലിയരീതിയിലുള്ള ആസൂത്രണം നടന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തി നില്‍ക്കുന്നത്.
കേരളത്തിലെ തെളിവെടുപ്പ് ഇന്നത്തോടെ പോലീസ് പൂര്‍ത്തിയാക്കും. സംഭവം നടന്ന എലത്തൂര്‍ റെയില്‍വേ ട്രാക്കിലും പരിസര പ്രദേശങ്ങളിലുമാണ് ഇനി തെളിവെടുപ്പ് അവശേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലെ തീവ്രവാദ വിരുദ്ധ സേന പ്രതി ഷാറൂഖിനെ ചോദ്യം ചെയ്തിരുന്നു. കേരളത്തിനു പുറത്തുനിന്നു ലഭിച്ച സഹായത്തെക്കുറിച്ചും ഡല്ഹില്നിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുമായിരുന്നു ചോദ്യം ചെയ്യല്‍.
കേരള പോലീസും കേന്ദ്ര എജന്‍സികളും പ്രതി ഷാറൂഖിന്റെ നാടായ ഡല്‍ഹിയിലെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്.
കേരളത്തില്‍ പ്രതിക്ക് സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.
തുടര്‍ന്നായിരുന്നു പ്രതിയുടെ ഇതരസംസ്ഥാനത്തെ വേരുകള്‍ തേടി രണ്ടുദിവസത്തിലധികം തുടര്‍ച്ചയായ പരിശോധന നടന്നത്.
ചോദ്യം ചെയ്യലില്‍നിന്നു ലഭിച്ച വിവരങ്ങളെ മാത്രം ആശ്രയിക്കാതെയുള്ള ശാസ്ത്രീയമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിയത്.
ആക്രമണത്തിന് പിന്നിലെ തീവ്രാദബന്ധം തള്ളാന്‍ കഴിയില്ലെന്ന് എന്‍ഐഎ ഡിഐജി എസ്. കാളിരാജ് മഹേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇനി സാങ്കേതികമായ നടപടിക്രമങ്ങള്‍ മാത്രമാണ് കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നിലുള്ളത്. അതേസമയം പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. പ്രതിക്കായുള്ള ജാമ്യാപേക്ഷയും നാളെ പരിഗണിക്കും.