കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ സഹായം നല്‍കിയത് ഉത്തന്ത്യേക്കാരാണെന്ന നിഗമനത്തില്‍ പോലീസ്.
മലയാളം സംസാരിക്കാനറിയാത്ത ഷാറൂഖ് ഷൊര്‍ണൂരില്‍ തങ്ങിയത് ഉത്തരേന്ത്യക്കാരായ പരിചയക്കാര്ക്കൊപ്പമാകാമെന്നാണു കരുതുന്നത്.
ഷൊര്‍ണൂരിലും പരിസരത്തും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണ്.
സഹായം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത് മലയാളിയില്നിന്നല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഷാറൂഖിന്റെ മുഴുവന്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യവും പരിശോധിച്ചു വരുന്നു.
ഷാറൂഖ് പോയ വഴിതേടി പോലീസ്
ഷൊര്‍ണൂരിന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള ഒരു കോളനി കേന്ദ്രീകരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിയിട്ടുണ്ട്.
നിരവധി ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നസ്ഥലമാണിവിടം. രഹസ്യമായും അല്ലാതെയും ഇവിടെ പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഉള്പ്രദേശങ്ങളില്നിന്നു കഴിയാവുന്നത്ര സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇവിടെ എവിടെയെങ്കിലും ഷാറൂഖ് എത്തിയത് തെളിഞ്ഞാല്‍ അത് ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും.
ഒരു പകല്‍ മുഴുവനുമാണ് ഷാറൂഖ് ഷൊര്‍ണൂരിലും പരിസരങ്ങളിലുമായി ചെലവഴിച്ചത്. മാര്‍ച്ച് 31ന് ഡല്‍ഹിയില്‍നിന്നു കേരള സമ്പര്‍ക്കക്രാന്തി എക്സ് പ്രസില്‍ കയറി ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 4.45ന് ഷൊര്‍ണൂരില്‍ വന്നിറങ്ങിയ ഷാറൂഖ് അന്ന് രാത്രി 7.19നാണ് കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ കയറിയത്.
അതേസമയം കസ്റ്റഡിയില്‍ ലഭിച്ച് ആറുദിവസം കഴിഞ്ഞിട്ടും ചോദ്യങ്ങളോട് കൃത്യമായി ഷാറൂഖ് പ്രതികരിക്കുന്നില്ല.
ശാസ്ത്രീയമായി ചോദ്യം ചെയ്യാനുതകുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടുമില്ല. ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചും സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ട് അറിയിച്ചുമാണ് ഓരോദിവസവും പ്രതി തള്ളിനീക്കുന്നത്.
ഇയാളുടെ ശാരീരിക അവശതകള്‍ പോലീസിനും തടസം സൃഷ്ടിക്കുന്നു. തെളിവെടുപ്പ് അനന്തമായി നീണ്ടുപോകുന്നതും പ്രതിസന്ധിയാണ്.
കേരളത്തിനകത്തും പുറത്തും തെളിവെടുപ്പ് വേണ്ടിവരുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പ്രതിയില്‍നിന്ന് എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ തെളിവെടുപ്പ് കൃത്യമായി നടത്താനാകൂ.