ബോളിവുഡിലെ വിജയ ഫോർമുലയായിരുന്നു ഷാരുഖ് ഖാൻ- കജോൾ ജോഡി. ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ, കുഛ് കുഛ് ഹോത്താ ഹെ, കരൺ അർജുൺ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തന്നെ ഉദാഹരണം. ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്നാണ് ആരാധകരുടെ അഭിപ്രായവും.
ഇതു സംബന്ധിച്ച് ഒരു ആരാധകന്റെ ചോദ്യവും അതിന് കജോൾ നൽകിയ മറുപടിയുടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. അജയ് ദേവ്ഗണിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ കജോൾ ഷാരുഖിനെ വിവാഹം കഴിക്കുമായിരുന്നോ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിതിങ്ങ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ആരാധകന്റെ ചോദ്യങ്ങളുണ്ടായത്.
വിവാഹാലോചനകൾ നടത്തണ്ടത് ആണുങ്ങളല്ലേ എന്നായിരുന്നു കാജോൾ മറുപടി പറഞ്ഞത്. എന്താണ് ഷാരുഖുമായുള്ള ബന്ധം എന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ ആജീവാനന്ത സുഹൃത്ത് എന്നാണ് കജോൾ മറുപടി പറഞ്ഞത്.
സഹതാരമെന്ന നിലയിൽ ഷാരുഖിനെയാണോ അജയിനെയാണോ കൂടുതൽ വിലമതിക്കുന്നതെന്ന ചോദ്യത്തിന് സാഹചര്യമനുസരിച്ചിരിക്കുമെന്നാണ് കജോൾ മറുപടി നൽകിയത്. ഷാരുഖുമൊത്ത് എന്നിനി വീണ്ടുമഭിനയിക്കുമെന്ന ചോദ്യത്തിന് അത് ഷാരുഖിനോടു ചോദിക്കൂയെന്നും കജോൾ പറഞ്ഞു.