വഡോദര: വഡോദര റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. റെയിൽവേ പ്രൊട്ടക്ഷ്ൻ ഫോഴ്സ് ഡയറക്ടർ ജനറലിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
സാമൂഹ്യപ്രവർത്തകനായ ഫരിദ് ഖാൻ പത്താൻ എന്നയാളാണ് തിരക്കിൽപ്പെട്ട് മരിച്ചത്. ഷാരുഖിന്റെ കടുത്ത ആരാധകനായ പത്താൻ സൂപ്പർതാരത്തെ കാണാൻ ഭാര്യക്കും മകൾക്കുമൊപ്പമാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ആളുകളുടെ തിക്കുംതിരക്കും വർധിച്ചതോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതിയ ചിത്രമായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് വഡോദരയിൽ എത്തിയത്. റയീസിന്റെ സംവിധാകൻ രാഹുൽ ദോലാകിയ, നിർമാതാവ് റിതേഷ് സിദ്വാനി എന്നിവർക്കൊപ്പം മുംബൈയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി എക്പ്രസിൽ വന്നിറങ്ങിയ താരത്തെ കാണാൻ നൂറുകണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ആളുകളുടെ തിക്കുംതിരക്കും വർധിച്ചതോടെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും നിരവധി പേർക്കു പരിക്കേറ്റിരുന്നു.
വഡോദര: ‘റയീസ്’ എന്ന ചിത്രത്തിന്റെ പ്രചരണാർഥം വഡോദര റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ താരത്തിനെതിരെ പരാതികളില്ലെന്ന് മരിച്ച ഫരിദ് ഖാന്റെ കുടുബാംഗങ്ങൾ വ്യക്തമാക്കി. ഫരീദ് ഖാന്റെ ബന്ധു കൂടിയായ മാധ്യമ പ്രവർത്തക സമൈന ഷേയ്ഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘റയീസ്’ ടീമിനൊപ്പം ഇവരും ട്രെയിനിൽ ഉണ്ടായിരുന്നു. ഫരിദിന്റെ മരണത്തൽ ഷാരൂഖിനെ കുറ്റപ്പെടുത്താനാകില്ലെന്ന് അവർ പറഞ്ഞു.താനടക്കമുള്ള ബന്ധുക്കൾക്ക് ഫരിദിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നത് താരമാണെന്നും ഇതിനായി പ്രത്യേക വാഹനമടക്കമുള്ള സജ്ജീകകരണങ്ങൾ റയീസ് ടീം ചെയെതു നൽകിയെന്നും സമൈന പറഞ്ഞു. താരത്തിനെതിരെ തങ്ങൾക്ക് യാതൊരു പരാതിയുമില്ലെന്ന് ഫരിദിന്റെ മാതാവും പറഞ്ഞു ഷാരൂഖും തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ അവർ എല്ലാവരുടെയും പ്രാർഥനകളാണ് തങ്ങൾക്കു വേണ്ടെകതെന്നും വ്യക്തമാക്കി.