ന്യൂഡൽഹി: അയോധ്യ വിഷയത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് മധ്യസ്ഥത വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍.
ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ വികാസ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
വിഷയത്തില്‍ ഷാരൂഖ് ഖാന് സമ്മതം അറിയിച്ചിരുന്നതായും എന്നാല്‍ അത് നടന്നില്ലെന്നും വികാസ് സിംഗ് പറഞ്ഞു. ചില കാരണങ്ങളാലാണ് അത് നടക്കാതെ പോയതെന്ന് വികാസ് സിംഗ് വ്യക്തമാക്കി.
പ്രശ്നത്തില്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതയ്ക്കായി കൊണ്ടുവരാനുള്ള ആഗ്രഹം ജസ്റ്റീസ് ബോബഡെ അറിയിച്ചിരുന്നു. ഈ കാര്യം ഞാന്‍ ഷാരൂഖുമായി സംസാരിച്ചു. അദ്ദേഹം സന്തോഷവാനായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ മധ്യസ്ഥത നടന്നില്ല. -വികാസ് സിംഗ് പറഞ്ഞു.
അയോധ്യ വിഷയത്തിൽ എഫ്.എം. ഖലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന് ശ്രീറാം പഞ്ജുറാം എന്നിവരാണ് മധ്യസ്ഥരായി നിയമിക്കപ്പെട്ടത്.