മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മുംബൈയിൽ ഷാരൂഖിന്റെ വസതിക്കു മുന്പിലാണ് സംഭവം. കോൽക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാൻ സാലിം ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നിൽ തടിച്ചു കൂടിയിരുന്നത്. എന്നാൽ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാൻ സാധിച്ചില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ ജന്മദിനാഘോഷങ്ങൾ പോലീസ് തടഞ്ഞിരുന്നു. മുംബൈ പ്രാന്തത്തിലെ ഒരു റെസ്റ്ററന്റിൽ നടന്ന ആഘോഷങ്ങളാണ് പോലീസ് തടഞ്ഞത്. സമയപരിധി അവസാനിച്ചു എന്നതായിരുന്നു പോലീസിന്റെ വിശദീകരണം. രാത്രി ഒരുമണിക്കുശേഷം നഗരത്തിൽ റെസ്റ്ററന്റുകൾക്കു പ്രവർത്തിക്കാൻ അനുവാദമില്ല. എന്നാൽ ആഘോഷങ്ങൾ ഈ സമയപരിധി മറികടക്കുകയായിരുന്നു.