ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്ക് പറ്റിയിട്ടുണ്ട്.
1990ൽ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ “ദർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്പോഴാണ് ഷാരൂഖ് ഖാന് ആദ്യമായി പരിക്കേൽക്കുന്നത്.
അപകടം സംഭവിച്ച സീനിൽ ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് അനുപം ഖേർ ആണ്. മുംബൈ ഫിലിം സിറ്റിയിൽ ആയിരുന്നു ഷൂട്ടിംഗ്. ഈ രംഗത്തിൽ ഷാരൂഖ് ഖാൻ സോഫയിൽ വിശ്രമിക്കുന്ന അനുപം ഖേറിന് നേരെ ചാടണമായിരുന്നു.
ഈ സീനിൽ അഭിനയിക്കാനായി ഷാരൂഖ് സോഫയിലേക്ക് ചാടിയ നിമിഷം, അനുപംഖേർ അബദ്ധത്തിൽ കാലുയർത്തിയതാണ് പ്രശ്നമായത്.
അനുപം ഖേർ ബോധപൂർവം അല്ലെങ്കിലും വരുത്തിയ ഈ തെറ്റ് ഷാരൂഖിന്റെ മൂന്ന് വാരിയെല്ലുകൾ ഒടിച്ചു. ഷാരൂഖ് വേദനകൊണ്ട് പുളഞ്ഞു. പിന്നീട് കുറേക്കാലത്തെ വിശ്രമത്തിനുശേഷമാണ് ഷാരൂഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
കജോൾ ഇല്ലായിരുന്നെങ്കിൽ…
മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാനെ നായിക കാജോൾ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിൽ ഹീറോ നായികയുടെ ജീവൻ രക്ഷിക്കുന്നത് സാധാരണമാണ്.
പക്ഷേ നായിക നായകനെ രക്ഷിക്കുന്നത് അപൂർവമാണ്. ദിൽവാലെയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ഷാരൂഖ് വലിയൊരു അപകടത്തിൽ പെടേണ്ടിയിരുന്നത്.
ഐസ്ലൻഡിൽ ആയിരുന്നു ഷൂട്ടിംഗ്. വലിയൊരു വെള്ളച്ചാട്ടത്തിനു സമീപം കാജോളുമൊത്ത് പ്രണയഗാനത്തിൽ അഭിനയിച്ചപ്പോഴാണ് ഷാരൂഖിന്റെ ബാലൻസ് തെറ്റി കാൽ വഴുതി പോയത്.
പെട്ടെന്ന് സമീപത്തുണ്ടായിരുന്ന കാജോൾ ഷാരൂഖിനെ കയറിപിടിക്കുകയായിരുന്നു. ഈ സമയം കാജോൾ കയറി പിടിച്ചതുകൊണ്ട് പെട്ടെന്ന് ഷാരൂഖിന് ബാലൻസ് വീണ്ടെടുക്കാനായി. അല്ലായിരുന്നെങ്കിൽ വലിയൊരു അപകടത്തിലേക്ക് ഷാരൂഖ് പെട്ടുപോകുമായിരുന്നു.താൻ കാജോളിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് പിന്നീട് ഷാരൂഖ് പറഞ്ഞത്.
അപകടം കൊണ്ടുവന്ന ജീപ്പ്
2004ൽ അക്ഷയ്കുമാറും ഐശ്വര്യ റായിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് കാക്കി. തുഷാർ കപൂർ, അമിതാഭ് ബച്ചൻ എന്നിവർ ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായി അപകടത്തിൽപ്പെടുന്നത്.
നാസിക്കിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ത്രയംബകേശ്വറിൽ സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. അപ്പോഴാണ് ഐശ്വര്യ റായിയെ നിയന്ത്രണം വിട്ട ജീപ്പ് ഇടിക്കുകയും വഴിയരികിലെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീഴുകയും ചെയ്തത്. സഹനടൻ തുഷാർ കപൂറിനൊപ്പം ഒരു രംഗം പരിശീലിക്കുകയായിരുന്നു ഐശ്വര്യ.
അഭിനേതാക്കളായ തുഷാറിനും ഐശ്വര്യയ്ക്കും 20 അടി അകലെ ജീപ്പ് നിർത്തേണ്ടതായിരുന്നു, എന്നാൽ അബദ്ധത്തിൽ ജീപ്പിന്റെ നിയന്ത്രണം നഷ്ടമാവുകയും ആഷിനെ ഇടിക്കുകയും കാലിന് ചതവ് ഏൽക്കുകയും ചെയ്യുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന അക്ഷയ് കുമാറാണ് പരിക്കേറ്റ ഐശ്വര്യയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഒരു മാസത്തോളം ബെഡ് റെസ്റ്റ് എടുക്കാൻ പറഞ്ഞു.
ഏറെ നാളത്തെ വിശ്രമത്തിനുശേഷമാണ് ഐശ്വര്യ പിന്നീട് ഷൂട്ടിംഗിന് എത്തുന്നത്.ഐശ്വര്യയ്ക്ക് പരിക്കേറ്റ സ്ഥലത്തിന് പിന്നീട് ഐശ്വര്യ പോയിന്റ് എന്ന് പേരിട്ടു.
(തുടരും)
തയാറാക്കിയത് എൻ.എം.