മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെയാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യൻ ഉൾപ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. മുംബൈ കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഇതിനു പിന്നിലെന്നാണ് എൻസിബി വ്യക്തമാക്കുന്നത്.
കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽനിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.
അതേസമയം, ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇവർ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം.
ആര്യന് ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതായിരുന്നു. മുംബൈ തീരത്തിന് സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലിലാണ് റേവ് പാര്‍ട്ടി സംഘടിച്ചത്.
റേവ് പാര്‍ട്ടിയുടെ സംഘാടകരെയും ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എഫ്ടിവി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ കാഷിഫ് ഖാന്റെ മേല്‍നോട്ടത്തിലാണ് കപ്പലില്‍ റേവ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.