ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ നടനാണ് ഷാറൂഖ് ഖാൻ. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ജോർജ്ജ് ക്ലൂണി തുടങ്ങിയവരെ പിന്തള്ളിയാണ് നടൻ നാലാം സ്ഥാനത്ത് ഇടംപിടിച്ചത്.
770 മില്യൺ ഡോളറാണ് ഷാറൂഖിന്റെ ആസ്തി. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പുറത്തു വിട്ടത്
ഷാറൂഖ് ഖാന്റെ സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ വീടുകളും കാറുകളുമൊക്കെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന വസതിയായ മന്നത്താണ് ഷാറൂഖിന്റെ ഏറ്റവും വിലയേറിയ സ്വത്ത്. കടലിന് അഭിമുഖമായി നിൽക്കുന്ന മന്നത്തിന്റെ മൂല്യം 200 കോടി രൂപയാണത്ര.
നേരത്തെ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ മന്നത്ത് വാങ്ങിയതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു.
‘ഡൽഹി സ്വദേശിയായ എനിക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. ഒരു വീട് സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു.
ഡൽഹിയിലെ ആളുകൾക്ക് ബംഗ്ലാവുകൾ സാധാരണമാണ്. എന്നാൽ മുംബൈയിലെ ആളുകൾ കൂടുതലും അപ്പാർട്ടുമെന്റുകളിലാണ് താമസം. വിവാഹത്തിന് ശേഷം ഗൗരിക്കൊപ്പമാണ് ഞാൻ മുംബൈയിലേക്ക് താമസം മാറുന്നത്.
തുടക്കത്തിൽ ഞങ്ങൾ അവിടെ ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് താമസിച്ചത്. ചെറിയ വീട്ടിലാണ് നീ താമസിക്കുന്നതെന്ന് ഗൗരിയുടെ അമ്മ എപ്പോഴും പറയുമായിരുന്നു.
ഒടുവിൽ മന്നത്ത് വാങ്ങി, അതാണ് ഞാൻ വാങ്ങിയ ഏറ്റവും ചെലവേറിയ സ്വത്ത്’- നടൻ പറഞ്ഞു.
ഷാറൂഖ് ചിത്രമായ പത്താൻ പ്രദർശനത്തിന് ഒരുങ്ങുകയാണ്. അഞ്ച് വർഷത്തിന് ശേഷം നടന്റേതായി പുറത്ത് ഇറങ്ങുന്ന ചിത്രം ജനുവരി 25നാണ തിയറ്ററുകളിൽ എത്തുന്നത്.