തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിലാണ് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂരിന്റെ ആരോപണം. തീരദേശ മേഖലയിലാണ് ഇത്തരത്തിൽ രാജീവ് ചന്ദ്രശേഖർ പണം നൽകുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട് തരൂർ പറഞ്ഞിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
ഈ ആരോപണത്തിനുള്ള തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ തരൂരിന് നോട്ടീസയച്ചു. താൻ മറ്റുള്ളവർ പറഞ്ഞുകേട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് തരൂർ അറിയിച്ചത്. എന്നാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയരുതെന്നും ഇനി ആവർത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തെ രഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ.പത്മകുമാർ, എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കൺവീനർ വി.വി. രാജേഷ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. നേരത്തെ പരാമർശത്തില്‍ രാജീവ് ചന്ദ്രശേഖർ തരൂരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു. ഏത് അഡ്രസിലാണ് അയച്ചതെന്ന് അറിയില്ലെന്നും താന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നും കേട്ട കാര്യമാണ് പറഞ്ഞതെന്നും തരൂര്‍ പ്രതികരിച്ചിരുന്നു.