തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ മലയാളം പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്ത്. തന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും കൂടാതെ, കേരളത്തിൽ പ്രചാരണം നടത്താതെ, താൻ ആളുകളുടെ മനസിലുണ്ടെന്ന് തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ, പാർട്ടി അത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ തന്റെ വഴിക്ക് പോകുമെന്നും അഭിമുഖത്തിൽ പറയുന്നു. ബിജെപി തന്റെ മറ്റൊരു മാർഗമല്ലെന്നും തരൂർ വ്യക്തമാക്കി.
സമയം ചെലവഴിക്കാൻ തനിക്ക് മറ്റ് വഴികളില്ലെന്ന് കരുതരുത്. എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രസംഗങ്ങളുണ്ട്. ലോകമെമ്പാടുംനിന്ന് ക്ഷണങ്ങൾ ലഭിക്കുന്നു. രാഷ്ട്രീയവും പാർലമെന്റും കാരണം പല സമ്മേളനങ്ങളിലും പങ്കെടുക്കാൻ കഴിയുന്നില്ല. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണെന്നും ശശി തരൂർ പറഞ്ഞു.
“”തിരുവനന്തപുരത്തെ എന്റെ വോട്ട് എപ്പോഴും പാർട്ടിക്ക് അപ്പുറമായിരുന്നു. അതായത്, ഞാൻ പാർട്ടിയുടെ കാഴ്ചപ്പാടുകളെ ശക്തമായി പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും എന്റെ സംസാരവും പെരുമാറ്റവും ആളുകൾക്ക് ഇഷ്ടമാണ്. കോൺഗ്രസ് പാർട്ടിയെ ഇഷ്ടമില്ലാത്ത പലരും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ ജയിക്കില്ലായിരുന്നു. കോൺഗ്രസിന് പരമ്പരാഗത വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂവെങ്കിൽ, പ്രതിപക്ഷത്ത് തന്നെ തുടരും. അതാണ് സത്യം.
ഞാൻ കേരള രാഷ്ട്രീയത്തിൽ നിന്ന് അകലെയാണെന്ന് പറയുന്നത് പൂർണമായും ശരിയല്ല. 2011, 2016, 2021. എന്നീ മൂന്ന് തെരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തി . പാർട്ടിക്ക് ആവശ്യമായ എല്ലാ വിധത്തിലും ഞാൻ അവരെ സഹായിച്ചിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്നെക്കൊണ്ട് വലിയ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർക്ക് കൂടുതൽ ആവശ്യമുണ്ടായിരുന്നു. 2026 ൽ അവർക്ക് എന്താണ് വേണ്ടതെന്ന് നമുക്ക് നോക്കാം.
ഞാൻ എപ്പോഴും ജനങ്ങളോടൊപ്പമാണ്. ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും സ്വന്തം പാർട്ടി വോട്ടുകൾ കൊണ്ട് മാത്രം വിജയിക്കാൻ കഴിയില്ല. ഞങ്ങൾക്ക് എപ്പോഴും ഞങ്ങളുടെ ഉറപ്പുള്ള വോട്ട് ഉണ്ടാകും. പക്ഷേ അത് മതിയോ? ഒരു സർക്കാർ രൂപീകരിക്കാൻ നമുക്ക് 25%, 26%, 27% എന്നിവയിലേക്ക് തിരികെ എത്തേണ്ടതുണ്ട്.”- ശശി തരൂർ പറയുന്നു.
താൻ ഒരു ജ്യോതിഷിയല്ലെന്നും ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു.
തിരുവനന്തപുരത്തെ വോട്ടർമാർ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തു. തനിക്ക് അവിടെ ഒരു സ്ഥാനമുണ്ട്. ഇപ്പോൾ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാണ്. കേരളത്തിലെ തെരഞ്ഞെടുപ്പിൽ എന്ത് ചുമതല വഹിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ വരുന്നത് ഭരണം ലഭിക്കാൻ മാത്രമാണെന്ന ചിന്ത തനിക്ക് ഇല്ല. അധികാരം ലഭിക്കാൻ വരുന്നവരുണ്ടാകും പക്ഷേ താൻ അങ്ങനെയല്ലെന്ന് ശശി തരൂർ വ്യക്തമാക്കുന്നു.
ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും കാണിച്ച കഴിവ് കോൺഗ്രസിന് കാണിക്കാൻ സാധിച്ചില്ല. ബിജെപിയുടെ വർഗീയതയെയും ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചതിനെയും താൻ എതിർത്തിട്ടുണ്ട്. രാഷ്ട്രീയക്കാരനായി മാത്രമല്ല താൻ പ്രധാനമന്ത്രിയെ കാണുന്നത്. രാജ്യത്തിന്റെയും നാടിന്റെ യും താൽപര്യം മനസിൽ വച്ച് മാത്രമാണ് താൻ സംസാരിക്കുന്നതെന്നും ശശി തരൂർ പോഡ്കാസ്റ്റിൽ പറയുന്നു.
കമ്യൂണിസ്റ്റുകളുടെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തെയും താൻ എതിർത്തിട്ടുണ്ട്. അവർ എപ്പോഴും പുതിയതെന്തിനെയും എതിർക്കുന്നു. കമ്പ്യൂട്ടറുകൾ വന്നപ്പോൾ അവർ എൽഐസി ഓഫീസുകളിൽ പോയി അവ അടിച്ചു തകർത്തു. മൊബൈൽ ഫോണുകൾ വന്നപ്പോൾ, അതൊരു മുതലാളിത്ത കളിപ്പാട്ടമാണെന്നും ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു. അതുപോലെ, കമ്യൂണിസ്റ്റുകാർ 10-15 വർഷത്തേക്ക് എല്ലാത്തിനെയും എതിർക്കുന്നു, പിന്നീട് അവർ അത് സ്വീകരിക്കുന്നു.
“സ്വകാര്യ സർവകലാശാലകളെ അവർ എതിർത്തു. ഇപ്പോള് അവര് പറയുന്നത് സ്വകാര്യ സര്വകലാശാലകള് കേരളത്തിന് നല്ലതാണെന്നാണ്. പക്ഷേ അവർക്ക് വിദേശ സർവകലാശാലകൾ വേണ്ട. അഞ്ച് വർഷം കഴിയട്ടെ അവർ വിദേശ സർവകലാശാലകൾക്ക് വേണ്ടി വാദിക്കുമെന്നും ശശി തരൂർ പറഞ്ഞു.പോഡ്കാസ്റ്റിന്റെ ചില ഭാഗങ്ങൾ നേരത്തെ പുറത്തുവന്നത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോഡ് കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.