എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: എഐസിസി അധ്യക്ഷനാകാനില്ലെന്ന് ശശി തരൂർ. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി ഒഴിയുന്ന ഘട്ടം വന്നാൽ ആ സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാനിടയുണ്ടെന്ന വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വർഷങ്ങളായി പാർട്ടി പ്രവർത്തനം നടത്തി പരിചയമുള്ള നിരവധി നേതാക്കൾ പാർട്ടിയിൽ ഉണ്ട്. അവരെയാണ് അത്തരം പദവിയിലേക്ക് പരിഗണിക്കേണ്ടത്. താൻ അടുത്ത കാലത്ത് പാർട്ടിയിലേക്ക് കടന്നുവന്നയാളാണ്. പാർലമെന്ററി രംഗത്താണ് കൂടുതൽ പരിചയം. ലോക്സഭയിൽ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചാൽ അതു സ്വീകരിക്കും. അക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്.
പാർട്ടി പദവിയെ ചെറുതായിട്ടല്ല കാണുന്നത്. തന്നെക്കാൾ ആ സ്ഥാനത്തേക്ക് പ്രവർത്തന പരിചയമുള്ള നേതാക്കളെയാണ് പരിഗണിക്കേണ്ടത്. രാഹുൽഗാന്ധി സ്ഥാനം ഒഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെക്കുറിച്ച് നിലവിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ മാറ്റൊരാളെ പാർട്ടി കണ്ടെത്തും.
അധ്യക്ഷ പദവി ഒഴിയുന്ന തീരുമാനത്തിൽ രാഹുൽ ഉറച്ചു നിൽക്കുന്നതിനാൽ ആ സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഉയർന്നു കേൾക്കുന്നത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എംപി കൂടിയായ ശശി തരൂരിനെയാണ് ആസ്ഥാനത്തേക്ക് കൂടുതൽ പേർ ഉയർത്തിക്കാട്ടുന്നത്.
ദേശീയ മാധ്യമങ്ങളടക്കം തരൂർ പ്രസിഡന്റാകുമെന്ന തരത്തിലുള്ള വാർത്തകൾ കൊടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിനോട് തന്നെ ഇക്കാര്യം രാഷ്ട്രദീപിക ചോദിച്ചത്. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ചിരുന്ന തരൂരിനെ ലോക്സഭാ നേതാവാക്കണമെന്ന ആവശ്യവും പല കോണുകളിൽ നിന്ന് ഇതിനകം ഉയർന്നിട്ടുണ്ട്.
തരൂരിനെപ്പോലെ ലോകം അറിയുന്ന വ്യക്തി തന്നെ മോദിയെ ലോക്സഭയിൽ നേരിടാൻ വേണമെന്ന് യുപിഎ ഘടകകക്ഷി നേതാക്കൾക്കിടയിലും അഭിപ്രായമുണ്ട്. 89 അംഗങ്ങളാണ് യുപിഎയ്ക്കുള്ളത്. ഇതിൽ 52 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം കിട്ടുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞതവണയും ലഭിച്ചിരുന്നില്ല.
കോൺഗ്രസിന്റെ പാർലമെന്ററി നേതാവായി മല്ലികാർജ്ജുൻ ഗാർഗെയാണ് അന്നു നിയമിച്ചത്. ഇതേ പാത ഇത്തവണയും തുടരേണ്ടി വന്നാൽ തരൂരിനെ കോൺഗ്രസ് ലീഡറായി നിയമിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എഐസിസി നേതൃത്വവും കോൺഗ്രസ് പാർലമെന്ററി ബോർഡും യോഗം ചേർന്നാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. അംഗ ബലം കുറവായതിനാൽ നേതൃ സ്ഥാനത്തേക്ക് രാഹുൽ കടന്നു വരാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പേരും ഉയർന്നു വന്നിരിക്കുന്നത്.