കണ്ണൂർ: രമേശ് ചെന്നിത്തലയ്ക്ക് കണ്ണൂരിൽ പരോക്ഷ മറുപടി നൽകി ശശി തരൂർ. മുഖ്യമന്ത്രിയുടെ കോട്ട് തയാറാക്കി വച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞു.
ആര് എന്തു പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു,
അതുകൊണ്ടാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നുതെന്നും തരൂർ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം അവരോട് ചോദിക്കണം എന്നായിരുന്നു മറുപടി.
ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂർ തിരിച്ചടിച്ചു.നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവച്ചേ ക്കണമെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
ചെന്നിത്തലയുടെ ഇന്നലത്തെ ഈ പ്രതികരണത്തിനെതിരേയായിരുന്നു തരൂരിന്റെ മറുപടി.മുഖ്യമന്ത്രിയാകാൻ തയാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തരൂർ തന്റെ വാക്കുകൾ മയപ്പെടുത്തിയിരുന്നു.
അതേസമയം തരൂരിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് എഐസിസി. കടുത്ത നടപടിയിലേക്ക് നീങ്ങിയാൽ ജനവികാരം എതിരാകുമെന്ന് ആശങ്കയും പാർട്ടി തലപ്പത്തുണ്ട്.
പ്രവർത്തക സമിതിയിലേക്ക് തരൂരിനെ ഉൾപ്പെടുത്തുന്നതിലും വിരുദ്ധാഭിപ്രായം നിലനിൽക്കുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കുശേഷമാകും തരൂർ വിഷയത്തിൽ ചർച്ച നടത്തുക.