തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരേ കടുത്ത വിമർശനവുമായി പി.ജെ.കുര്യൻ. പാർട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തനിക്ക് ഇന്നത് വേണമെന്ന് പറഞ്ഞ് അലോസരമുണ്ടാക്കുന്നത് ശരിയല്ലെന്ന് പി.ജെ. കുര്യൻ പറഞ്ഞു.
ഒരു എംപിക്ക് ലഭിക്കാവുന്ന ഉയർന്ന പരിഗണനയാണ് തരൂരിന് കോൺഗ്രസ് നൽകിയത്.
നാല് തവണ തരൂർ ജയിച്ചു. തരൂരിനെ കോൺഗ്രസ് മന്ത്രിയാക്കി, ഹൈക്കമാൻഡിൽ ഇടം നൽകി. ഇന്ന് തരൂർ അവൈലബിളല്ല എന്ന് ജനത്തിനു തോന്നിത്തുടങ്ങി. അതുകൊണ്ടാണ് വോട്ട് കുറഞ്ഞത്.ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ചോദിക്കുന്നത് പാർട്ടിയിൽ അലോസരമുണ്ടാക്കുമെന്നും പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു.
മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കൊണ്ടാണ് ഇത്തവണ ജയിച്ചതെന്ന് തരൂർ മറക്കരുത്.തരൂരിനു വ്യക്തിപരമായ സ്വാധീനം വോട്ടർമാർക്കിടയിൽ കുറഞ്ഞു. മണ്ഡലത്തിൽ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത്. മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും പാർട്ടിയിൽ ഉണ്ട്.
ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച ആവശ്യമില്ല, അതിന് തർക്കങ്ങളില്ല. തെരഞ്ഞെടുത്ത എംഎൽഎമാരും ഹൈക്കമാൻഡും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിപദത്തിന് യോഗ്യനാണ്, അതുപോലെ യോഗ്യരായ മറ്റു നേതാക്കളുണ്ട്.
അതേസമയം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാറേണ്ടതില്ലെന്നും പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു. കെപിസിസി പുനഃസംഘടന വേഗത്തിലാക്കണം. കെപിസിസി, ഡിസിസി സെക്രട്ടറിമാരെ വേഗത്തിൽ നിയമിക്കണമെന്നും കുര്യൻ പറഞ്ഞു.
അതേസമയം ഹൈക്കമാൻഡ് വിളിച്ചയോഗം ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിൽ ഡൽഹിയിൽ ചേരും. ഇന്ദിരാഭവനിൽ വൈകിട്ട് നാലിനാണ് യോഗം.
സംസ്ഥാനത്തുനിന്ന് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.
സംസ്ഥാനത്തെ വിവാദങ്ങളും പാർട്ടി പുനഃസംഘടനയും യോഗത്തിൽ ചർച്ച ചെയ്യും.