ന്യൂഡൽഹി: അത്താഴവിരുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയും തന്നോടു ലൈംഗീക ചുവയോടെ പരാമർശം നടത്തിയെന്നും ആരോപിച്ച് ബിഎസ്പി നേതാവും മുൻ എംപിയുമായ അക്ബർ അഹമ്മദിനെതിരേ ബിജെപി ഡൽഹി ഉപാധ്യക്ഷ ഷാസിയ ഇൽമി പോലീസിൽ പരാതി നൽകി.
ഡൽഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലാണ് ബിജെപി വനിതാ നേതാവ് പരാതി നൽകിയത്.
പരാതിയിന്മേൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
ഐപിസി 506 (ഭീഷണിപ്പടുത്തൽ), 509 (വാക്കുകൊണ്ടോ, ആംഗ്യം കൊണ്ടോ, പ്രവർത്തി കൊണ്ടോ സ്ത്രീയോട് അപമര്യാദയായി പെരുമാറുക) എന്നീ വകുപ്പുകളോടെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ചാം തീയതി ചേതൻ സേത്ത് എന്നയാൾ നടത്തിയ അത്താഴ വിരുന്നിനിടെയാണു സംഭവം.
നിരവധി വിദേശ അംബാസഡർമാർ അടക്കം പ്രമുഖർ വിരുന്നിൽ പങ്കെടുത്തിരുന്നു.
ചിലി അംബാസഡറുമായി താൻ സംസാരിക്കുന്നതിനിടെയെത്തിയ അക്ബർ അഹമ്മദ് ഡംപിയെന്ന മുൻ എംപി പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും ആക്ഷേപിച്ചുവെന്നു ഷാസിയയുടെ പരാതിയിൽ പറയുന്നു.